ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരോധനാജ്ഞ; മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാൻ മാർച്ച് നടത്തി സൈന്യം
|മണിപ്പൂരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പങ്കെടുക്കേണ്ട പരിപാടിയുടെ വേദിക്ക് ആളുകൾ തീയിട്ടിരുന്നു
ഇംഫാൽ: മണിപ്പൂരിൽ ആദിവാസി ഇതര വിഭാഗമായ മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവിനെതിരെ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ അക്രമ ബാധിത പ്രദേശങ്ങളിൽ സൈന്യം ഇന്ന് ഫ്ലാഗ് മാർച്ച് നടത്തി. ഇംഫാൽ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ എട്ട് ജില്ലകളിൽ ഇന്നലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അക്രമം നിയന്ത്രിക്കാൻ സൈന്യത്തെയും അസം റൈഫിൾസിന്റെ സഹായവും തേടിയിട്ടുണ്ട്. അക്രമത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും 4000ത്തോളം ആളുകളാണ് അഭയം തേടിയിരിക്കുന്നത്.
പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള ഗോത്രവർഗക്കാരല്ലാത്ത മെയ്തീസ് സമുദായത്തിന്റെ ആവശ്യത്തിനെതിരെ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തേയ് സമുദായം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം തങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മെയ്തേയുടെ അവകാശവാദം.നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല.
നേരത്തെ, മണിപ്പൂരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പങ്കെടുക്കേണ്ട പരിപാടിയുടെ വേദിക്ക് ആളുകൾ തീയിട്ടിരുന്നു. ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. സംഘർഷം രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ആൾക്കൂട്ടം ന്യൂ ലാംകയിൽ നടക്കേണ്ട പരിപാടിയുടെ വേദിയിലെ കസേരകൾ തല്ലിപ്പൊളിക്കുകയും മറ്റ് സാധനങ്ങൾ തീയിട്ട് നശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്ത് വന്നു.
സംരക്ഷിത വനങ്ങളും തണ്ണീർക്കടങ്ങളും സർവേ ചെയ്യുന്നതിനെ എതിർക്കുന്ന ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. വനമേഖലകൾ സംരക്ഷിക്കുന്നതിന്റെ പേരിൽ കർഷകരെയും ആദിവാസി കുടിയേറ്റക്കാരെയും കുടിയൊഴിപ്പിക്കുന്നതിനെതിരെ സർക്കാറിനോട് അഭ്യർഥിച്ചിട്ടും ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നു.
സംസ്ഥാനത്തെ മലയോര ജില്ലകളിലെ ചില പ്രദേശങ്ങൾ നിക്ഷിപ്ത വനങ്ങളോ തണ്ണീർത്തടങ്ങളോ ആയി ബിരേൻ സിംഗ് സർക്കാർ തെറ്റായി പ്രഖ്യാപിച്ചതാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് ഫോറത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ചുരാചന്ദ്പൂർ പൂർണമായി അടച്ചിടാൻ ഇൻഡിജിനസ് ട്രൈബ് ലീഡേഴ്‌സ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്.