മണിപ്പൂരിൽ കരസേന മേധാവി ഇന്ന് സന്ദർശനം നടത്തും
|ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഇന്ന് സംസ്ഥാനത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് ജനറൽ മനോജ് പാണ്ഡെ ചർച്ച നടത്തും
ഇംഫാല്‍: സംഘർഷം തുടരുന്ന മണിപ്പൂരിൽ കരസേന മേധാവി ഇന്ന് സന്ദർശനം നടത്തും. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഇന്ന് സംസ്ഥാനത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് ജനറൽ മനോജ് പാണ്ഡെ ചർച്ച നടത്തും. ഇന്നലെ രാത്രിയും ബിഷ്ണുപൂർ ജില്ലയിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘർഷ ബാധ്യത പ്രദേശങ്ങളിൽ സൈന്യത്തിൻ്റെ പട്രോളിങ് തുടരുകയാണ്. ആയുധധാരികളായ അക്രമികളെ പിടികൂടാൻ കോമ്പിംഗ് ഓപ്പറേഷനും മണിപ്പൂരിൽ തുടരുന്നുണ്ട്. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി മണിപ്പൂരിൽ എത്താനിരിക്കെയാണ് നടപടികൾ സൈന്യം ഊർജിതമാക്കിയത്.
ഒരിടവേളയ്ക്ക് ശേഷം ആണ് മണിപ്പൂരിൽ മെയ്തെയ് - കുകി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നത്. ബിഷ്ണുപൂർ ജില്ലയിലെ മൊയ്രാങ് മേഖലയിലാണ് സംഘർഷം ആരംഭിച്ചത്. ആയുധധാരികളായ ഒരുകൂട്ടം യുവാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണം. കുകി വിഭാഗത്തിലെ രണ്ട് വീടുകളും മെയ്തെയ് വിഭാഗത്തിലെ നാല് വീടുകളും സംഘർഷങ്ങൾക്കിടയിൽ അഗ്നിക്കിരയായിരുന്നു.