അഗ്നിപഥ് റിക്രൂട്ട്‌മെന്റ് നടപടികൾക്ക് തുടക്കമായി: കരസേന വിജ്ഞാപനം ഇറങ്ങി
|ജൂലൈ 22 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. അഗ്നിപഥ് വഴി നിയമനം നേടുന്നവർക്ക് വിരമിച്ച ശേഷം , സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉണ്ടാകില്ല
ന്യൂഡല്‍ഹി: അഗ്നിപഥ് വഴി കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ജൂലൈ 22 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. അഗ്നിപഥ് വഴി നിയമനം നേടുന്നവർക്ക് വിരമിച്ച ശേഷം സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉണ്ടാകില്ല. ആദ്യവർഷം മുപ്പതിനായിരവും രണ്ടാം വർഷം 33,000 വും ആണ് ശമ്പളം.
ജൂൺ 14നാണ് ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് പ്രഖ്യപിച്ചത്. പദ്ധതി യുവാക്കളുടെ സ്ഥിര ജോലി എന്ന സ്വപ്നത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധുമായി രംഗത്തെത്തിയിരുന്നത്.
അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ഭയന്ന് 500 സർവീസുകൾ റെയിൽവേ റദ്ദാക്കി. ബിഹാറിലും യുപിയിലും സംസ്ഥാന സർക്കാരുകൾ ജാഗ്രത ശക്തമാക്കി. അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും ബീഹാറിൽ ഇന്നും സുരക്ഷ ശക്തമാണ്. ഇൻ്റർ നെറ്റ് സേവനങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് 20 ജില്ലകളിലേക്ക് സംസ്ഥാന സർക്കാർ വ്യാപിപ്പിച്ചു.
അക്രമ സംഭവങ്ങൾ ഉണ്ടായാൽ കടുത്ത നടപടികൾ സ്വീകരിക്കാൻ ആണ് പോലീസിന് ബീഹാർ സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. പട്ന സർവകലാശാലയിൽ നിന്ന് ഭാരത് ബന്ദിനെ അനുകൂലിച്ച് വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. സൈന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണ് അഗ്നിപഥ് പദ്ധതിയെന്ന് കനയ്യ കുമാർ കുറ്റപ്പെടുത്തി. നിലവിലെ സംവിധാനത്തിൽ അപാകതകൾ ഇല്ലാതിരിക്കെ എന്തിനാണ് പുതിയ റിക്രൂട്ട്മെന്റ് രീതി കൊണ്ടുവരുന്നതെന്നും കനയ്യ ചോദിച്ചു .
ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും കടുത്ത ജാഗ്രതയിലാണ് പോലീസ് ഉള്ളത്. അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നഗരങ്ങളിലെ പ്രധാന ഇടങ്ങളിൽ എല്ലാം കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Summary-Army issues notification for recruitment rally under Agneepath scheme