India
Manipur CM Biren Singh,‘around 60 innocent people’ killed in violence; Manipur CM Biren Singh,manipur violence,manipur violence NEWS,മണിപ്പൂര്‍ കലാപം: അറുപത് പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി; ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി
India

മണിപ്പൂര്‍ കലാപം: അറുപത് പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി; ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

Web Desk
|
8 May 2023 4:19 PM GMT

ഒഴിപ്പിക്കപ്പെട്ട ആളുകളെ എത്രയും പെട്ടെന്ന് അവരവരുടെ വീടുകളിൽ തിരിച്ചെത്തിക്കണമെന്നും ആരാധനാകേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സുപ്രിംകോടതി

ഇംഫാല്‍: മണിപ്പൂരിലെ കലാപത്തിൽ അറുപത് പേർക്ക് ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. മണിപ്പൂരിലെ സംഘർഷത്തിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നതിൽ സുപ്രിംകോടതി ആശങ്ക രേഖപ്പെടുത്തി . പുനരധിവാസ കേന്ദ്രങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.

മണിപ്പൂരിൽ വ്യാപകമായി നടന്ന കലാപങ്ങളിൽ 231 പേർക്കാണ് ഇത് വരെ പരിക്കേറ്റത്. 1700 വീടുകളും അഗ്നിക്കിരയായി. സംസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ജീവൻ നഷ്ടമായവരുടെ കണക്കും മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് പുറത്ത് വിട്ടു.

മണിപ്പൂർ സംഘർഷം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത് വരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആരാഞ്ഞത്. സംരക്ഷണം, അഭയം, പുനരധിവാസം എന്നിവയാണ് സുപ്രീംകോടതിയുടെ പ്രഥമ പരിഗണനയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഒഴിപ്പിക്കപ്പെട്ട ആളുകളെ എത്രയും പെട്ടെന്ന് അവരവരുടെ വീടുകളിൽ തിരിച്ചെത്തിക്കണമെന്നും ആരാധനാകേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. കർഫ്യൂവിൽ ഇളവ് വരുത്തിയതായും കഴിഞ്ഞ രണ്ട് ദിവസമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ കോടതിയിൽ മറുപടി നൽകി.

ഇതൊരു മാനുഷിപ്രശ്നമായതിനാൽ സർക്കാർ ഉടൻ നടപടിയേ എടുത്തേ തീരൂവെന്നും സുപ്രിംകോടതി വാക്കാൽ നിർദേശം നൽകി. റിപ്പോർട്ട് സമർപ്പിക്കാൻ ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചത്. ഈ മാസം 17ന് ഹരജി വീണ്ടും പരിഗണിക്കും. അതേസമയം, മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിൽ കുടുങ്ങിയ 9 മലയാളി വിദ്യാര്‍ഥികൾ നാട്ടിലേക്ക് മടങ്ങി. വിമാനമാർഗം ഇൻഫാൽ നിന്ന് ബംഗ്‌ളുരുളിൽ എത്തുന്ന വിദ്യാർഥികൾ നോർക്ക ഒരുക്കിയ ബസിൽ വീടുകളിലെത്തും.

Related Tags :
Similar Posts