India
അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ട്, ഭക്ഷണവും വെള്ളവും നല്‍കും മുന്‍പ് പരിശോധിക്കണം: ഇ.ഡി കോടതിയിൽ
India

'അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ട്, ഭക്ഷണവും വെള്ളവും നല്‍കും മുന്‍പ് പരിശോധിക്കണം': ഇ.ഡി കോടതിയിൽ

Web Desk
|
5 Aug 2022 1:46 PM GMT

പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയില്‍ വിടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു

അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ അര്‍പ്പിത മുഖര്‍ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍. പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ സഹായിയാണ് അർപ്പിത. അര്‍പ്പിത മുഖർജിക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നതിനു മുന്‍പ് പരിശോധിക്കണമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയില്‍ വിടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു- "അർപ്പിത മുഖർജിക്ക് ഭീഷണിയുണ്ടെന്നാണ് രഹസ്യ വിവരം. എന്നാൽ പാർഥ ചാറ്റർജിയുടെ കാര്യത്തിൽ അത്തരമൊരു ഭീഷണിയുള്ളതായി റിപ്പോര്‍ട്ടില്ല"- ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

2012 നവംബർ 1ന് പാർഥ ചാറ്റർജിയും അർപ്പിത മുഖർജിയും പങ്കാളിത്തത്തോടെ ഒരു കമ്പനി രൂപീകരിച്ചെന്ന് ഇ.ഡി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സ്ഥാപനവും കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ചുവരികയാണ്. 50 അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണ്. ഫോൺ ഡാറ്റ വീണ്ടെടുത്തിട്ടുണ്ട്. പാർഥ ചാറ്റർജിയില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയണം. അതിനാൽ പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പ്പിതയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു.

പാർഥ ചാറ്റര്‍ജി പണം ചോദിച്ചതിനോ വാങ്ങിയതിനോ സാക്ഷികളില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. രേഖകള്‍ എവിടെയാണ്? എല്ലാം ആരോപണങ്ങള്‍ മാത്രമാണ്. അതിനാല്‍ പാര്‍ഥ ചാറ്റര്‍ജിക്ക് ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ വാദിച്ചു.

അധ്യാപക നിയമന അഴിമതി കേസില്‍ ജൂലൈ 23നാണ് പാര്‍ഥ ചാറ്റര്‍ജിയും അര്‍പ്പിതയും അറസ്റ്റിലായത്. തുടര്‍ന്ന് പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കി. അര്‍പ്പിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളിൽ നിന്ന് 49.8 കോടി രൂപയും വൻതോതിൽ ആഭരണങ്ങളും സ്വർണക്കട്ടികളും വസ്തുവകകളുടെ രേഖകളും പിടികൂടിയെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.

Similar Posts