അര്‍പിത മുഖര്‍ജി കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹിച്ചിരുന്നു; പാര്‍ഥ ചാറ്റര്‍ജിക്കും എതിര്‍പ്പില്ലായിരുന്നുവെന്ന് ഇ.ഡി
|ദത്തെടുക്കല്‍ രേഖകളെക്കുറിച്ച് ചോദിച്ചപ്പോള്‍ താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധി പേര് ശിപാര്‍ശക്കായി തന്റെയടുത്ത് വരാറുണ്ടെന്നാണ് പാര്‍ഥ ചാറ്റര്‍ജി മറുപടി നല്‍കിയത്
കൊല്‍ക്കൊത്ത: ബംഗാള്‍ അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ അര്‍പിത മുഖര്‍ജി കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പാര്‍ഥ ചാറ്റര്‍ജിക്കും എതിര്‍പ്പില്ലായിരുന്നെന്നും ഇതിനായുളള രേഖകളില്‍ കുടുംബ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ഒപ്പിട്ടിരുന്നതായും ഇ.ഡി വ്യക്തമാക്കി.
ദത്തെടുക്കല്‍ രേഖകളെക്കുറിച്ച് ചോദിച്ചപ്പോള്‍ താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധി പേര് ശിപാര്‍ശക്കായി തന്റെയടുത്ത് വരാറുണ്ടെന്നാണ് പാര്‍ഥ ചാറ്റര്‍ജി മറുപടി നല്‍കിയത്. അര്‍പിത മുഖര്‍ജിയുമായുളള ബന്ധത്തെക്കുറിച്ചും അവരെ ഇന്‍ഷുറന്‍സ് നോമിനിയാക്കിയിരിക്കുന്നതിനെക്കുറിച്ചും ഇഡി ചോദിച്ചു. എന്നാല്‍ നോമിനിയാക്കിയതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയുടെയും എല്ലാ രേഖകളുടെയും പണത്തിന്റെയും വസ്തുക്കളുടെയും വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഇ.ഡി പാര്‍ഥ ചാറ്റര്‍ജിക്കും അര്പിതക്കുമെതിരെ ഇ.ഡി കൊല്‍ക്കൊത്ത കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇവരുടെ 100 കോടിയുടെ സ്വത്തുക്കളും പണവും പിടിച്ചെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റിലായതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് പാർഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്തുനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
പാർഥ ചാറ്റർജിയുടെയും അർപിത മുഖർജിയുടെയും 46.22 കോടിയുടെ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇതിൽ ഫാം ഹൗസ്, ഫ്ലാറ്റുകൾ, കൊൽക്കത്തയിലെ കണ്ണായ സ്ഥലങ്ങൾ എന്നിവക്ക് 40.33 കോടി വില വരും. ഇതുകൂടാതെ 35 ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 7.89 കോടിയും ഉൾപ്പെടും. കണ്ടുകെട്ടിയ സ്വത്തുക്കളിൽ പലതും കടലാസ് കമ്പനികളുടെയും ബിനാമികളുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഇ.ഡി അറിയിച്ചു. പാർഥ ചാറ്റർജിയും അർപ്പിത മുഖർജിയും ജൂലൈയിലാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ ഇ.ഡി നടത്തിയ പരിശോധനയിൽ 49.80 കോടിയുടെ കറൻസിയും 55 കോടിയുടെ സ്വർണവും പിടികൂടിയിരുന്നു. രണ്ടു പേരും ഇപ്പോഴും ജയിലിലാണ്. അറസ്റ്റിനു ശേഷം അധ്യാപക നിയമന അഴിമതിയിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് ഏജൻസി തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരുടെയും ജാമ്യാപേക്ഷം അടുത്തിടെ കൊല്‍ക്കൊത്ത ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.