'അറസ്റ്റ് ശിക്ഷാനടപടിയായി ഉപയോഗിക്കരുത്': മുഹമ്മദ് സുബൈര്‍ കേസില്‍ സുപ്രിംകോടതി
|ന്യായമായ വിചാരണയില്ലാതെ, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തികളെ ശിക്ഷിക്കരുതെന്ന് സുപ്രിംകോടതി
ഡല്‍ഹി: അറസ്റ്റ് ശിക്ഷാനടപടിയായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രിംകോടതി ഇങ്ങനെ വ്യക്തമാക്കിയത്.
"അറസ്റ്റ് എന്നത് ഒരു ശിക്ഷാ ഉപകരണമായി ഉപയോഗിക്കരുത്. അത് ക്രിമിനൽ നിയമത്തിൽ നിന്ന് ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രത്യാഘാതമായ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടലിന് കാരണമാകും"- ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
"ന്യായമായ വിചാരണയില്ലാതെ, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തികളെ ശിക്ഷിക്കരുത്. അറസ്റ്റ് ചെയ്യാനുള്ള അധികാരം നിയമത്തെ പരിഗണിക്കാതെ പ്രയോഗിക്കുമ്പോൾ, അത് അധികാര ദുർവിനിയോഗത്തിന് തുല്യമാണ്" എന്ന ശ്രദ്ധേയമായ നിരീക്ഷണവും ബെഞ്ച് നടത്തി.
ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം തേടിയാണ് മുഹമ്മദ് സുബൈര്‍ കോടതിയെ സമീപിച്ചത്. ഒരു ഹിന്ദി സിനിമയിൽ നിന്നുള്ള സ്ക്രീൻഷോട്ട് പങ്കുവെച്ച് നാല് വർഷം മുന്‍പ് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചില തീവ്രഹിന്ദുത്വ നേതാക്കളെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ന് വിളിച്ചത് ഉള്‍പ്പെടെയുള്ള പരാതികളിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബി.ജെ.പി മുന്‍വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദ മുഹമ്മദ് സുബൈര്‍ സോഷ്യല്‍ മീഡിയയിലൂടെ ലോക ശ്രദ്ധയില്‍പ്പെടുത്തിയത്.
ജൂലൈ 20നാണ് സുപ്രിംകോടതി മുഹമ്മദ് സുബൈറിന് ജാമ്യം നൽകിയത്. യു.പിയിലെ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റുകയും ചെയ്തു. മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നതില്‍ നിന്ന് തടയണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അഭ്യർഥനയും ജഡ്ജിമാർ നിരസിച്ചു. അത്തരമൊരു വ്യവസ്ഥ ചുമത്തുന്നത് ഗാഗ് ഓർഡറിന് തുല്യമായിരിക്കുമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തെ ബധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
"ഹരജിക്കാരൻ മാധ്യമപ്രവര്‍ത്തകനും വസ്തുതാ പരിശോധന നടത്തുന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകനുമാണ്. മോർഫ് ചെയ്ത ചിത്രങ്ങളുടെയും വീഡിയോകളുടെയും ഈ യുഗത്തിൽ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും ഇല്ലാതാക്കാൻ അദ്ദേഹം ട്വിറ്റർ ഒരു ആശയവിനിമയ മാധ്യമമായി ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ആവിഷ്കാര ആവിഷ്കാരത്തിന്റെയും തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെയും അന്യായമായ ലംഘനത്തിന് തുല്യമാകും"- കോടതി നിരീക്ഷിച്ചു.
ഈ മാസം ആദ്യം കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ ജയ്പൂരിൽ നടന്ന ഒരു പരിപാടിയിൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ തിടുക്കത്തിലുള്ള വിവേചനരഹിതമായ അറസ്റ്റു മുതല്‍ ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് വരെ ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു.