17കാരിയെ പീഡിപ്പിച്ച കേസ്; യെദിയൂരപ്പയ്ക്കെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
|സിഐഡി സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്നതോടെയാണ് കോടതിയുടെ നടപടി.
ബെംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയ്ക്കെതിരെ ബെംഗളൂരു കോടതിയുടെ അറസ്റ്റ് വാറന്റ്. പോക്സോ കേസിൽ അയച്ച നോട്ടീസ് പ്രകാരം സിഐഡി സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്നതോടെയാണ് കോടതിയുടെ നടപടി.
ജാമ്യമില്ലാ അറസ്റ്റ് വാറന്റാണ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി പുറപ്പെടുവിച്ചത്. വാറന്റ് പുറപ്പെടുവിച്ചതോടെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന സിഐഡി സംഘം. ഈ സാഹചര്യത്തിൽ, അറസ്റ്റിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് യെദിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹരജി നാളെ പരിഗണിക്കും.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം എന്നാവശ്യപ്പെട്ടാണ് യെദിയൂരപ്പയ്ക്ക് കഴിഞ്ഞദിവസം സിഐഡി നോട്ടീസയച്ചത്. എന്നാൽ നിലവിൽ ചില രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് താൻ ഡൽഹിയിലാണെന്നും തിങ്കളാഴ്ച ഹാജരാവാം എന്നുമായിരുന്നു മറുപടി. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
അതേസമയം, ആവശ്യമെങ്കിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്തേക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ സിഐഡി അറസ്റ്റ് ചെയ്യും. എന്നാൽ സിഐഡിയാണ് അത് പറയേണ്ടത്. ആവശ്യമാണെന്ന് തോന്നിയാൽ അവർ അത് ചെയ്യും- മന്ത്രി പറഞ്ഞു. ഏപ്രിലിൽ സിഐഡി അന്വേഷണത്തിനായി യെദ്യൂരപ്പയുടെ ശബ്ദ സാമ്പിൾ ശേഖരിച്ചിരുന്നു.
17കാരിയെ പീഡിപ്പിച്ചെന്നാണ് യെദിയൂരപ്പയ്ക്കെതിരായ കേസ്. ഈ വർഷം ഫെബ്രുവരി രണ്ടിന് പരാതി നൽകാൻ എത്തിയ തന്നോടൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത മകളോട് യെദിയൂരപ്പ ലൈംഗികാതിക്രമം നടത്തി എന്ന് ചൂണ്ടിക്കാട്ടി 54കാരിയായ മാതാവാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ ഐപിസി 354 എ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിനിടെ, പരാതിക്കാരിയായ 54കാരി ശ്വാസകോശാർബുദം ബാധിച്ച് കഴിഞ്ഞ മാസം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു.
പരാതിയിൽ മാർച്ച് 14ന് സദാശിവനഗർ പൊലീസ് കേസെടുത്ത് മണിക്കൂറുകൾക്ക് ശേഷം കർണാടക പൊലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ കൂടുതൽ അന്വേഷണത്തിനായി കേസ് സിഐഡിക്ക് വിട്ടു. എന്നാൽ ആരോപണം നിഷേധിച്ച യെദിയൂരപ്പ കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞിരുന്നു.
അതേസമയം, ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 164 പ്രകാരം ഇരയുടെയും അമ്മയുടേയും മൊഴി സിഐഡി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. നേരത്തെ അയച്ച രണ്ട് നോട്ടീസുകൾക്കും യെദിയൂരപ്പ മറുപടി നൽകിയിട്ടില്ലെന്ന് സിഐഡി വിഭാഗം വ്യക്തമാക്കി. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയിരുന്നു.