ഡല്‍ഹിയില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാർട്ടി
|ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കും വരെ വകുപ്പ് ചുമതല വിഭജിച്ച് നൽകാൻ കഴിയില്ലെന്ന് ആംആദ്മി പാർട്ടി മനസ്സിലാക്കിയിട്ടുണ്ട്
ഡല്‍ഹി: മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും രാജി വെച്ചതോടെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ് ആം ആദ്മി പാർട്ടി. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കും വരെ വകുപ്പ് ചുമതല വിഭജിച്ച് നൽകാൻ കഴിയില്ലെന്ന് ആംആദ്മി പാർട്ടി മനസ്സിലാക്കിയിട്ടുണ്ട്. വിവിധ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെ അറസ്റ്റ് ആംആദ്മി പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.
പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരു മന്ത്രിമാരും സ്ഥാനം രാജിവെച്ചത്. മന്ത്രിസഭയിലെ പാതിലേറെ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ അറസ്റ്റ് സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കി. സത്യേന്ദർ ജെയിനിന് പിന്നാലെ മനീഷ് സിസോദിയയും അഴിക്കുള്ളിൽ ആയതോടെ ഭരണ പ്രതിസന്ധിയിലേക്കാണ് ഡൽഹി നീങ്ങിക്കൊണ്ടിരുന്നത്. പ്രതിപക്ഷ ചേരിയിൽ പോലും കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടിക്കെതിരെ ഐക്യ നിലപാട് ഇല്ലാത്തതും ആംആദ്മി പാർട്ടിക്ക് തിരിച്ചടിയാണ്. നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച മനീഷ് സിസോദിയയോട് കീഴ് കോടതികൾ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.
അന്വേഷണസംഘം മുന്നോട്ടുവെച്ച വാദങ്ങൾ സിബിഐ കോടതി അംഗീകരിച്ച സാഹചര്യത്തിൽ അനുകൂല വിധി മേൽക്കോടതിയിൽ നിന്നും ഉണ്ടാകാൻ സാധ്യതയില്ല. വിവിധ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളായ മനീഷ് സിസോദിയയുടെ അറസ്റ്റ് ദേശീയ തലത്തിലും ആംആദ്മി പാർട്ടിക്ക് ക്ഷീണം വരുത്തി. ഭരണ പ്രതിസന്ധി ഒഴിവാക്കാനും പാർട്ടിയുടെ മുഖം രക്ഷിക്കാനും മന്ത്രിസഭാ പുനസംഘടനയാണ് ഇനി ആം ആദ്മി പാർട്ടിക്ക് മുൻപിലുള്ള ഏക മാർഗം.ഇതു സംബന്ധിച്ച ചർച്ചകൾ കേജ്രിവാളിന്റെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കും. ഇതുവരെ മന്ത്രിസഭയുടെ ഭാഗമാകാതിരുന്ന പുതുമുഖങ്ങൾക്ക് പ്രധാന വകുപ്പുകളിൽ അവസരം നൽകാനും ആലോചനയുണ്ട്.