India
madrassa arrest
India

മദ്രസയിലേക്ക് കുട്ടി​കളെ കൊണ്ടുവന്നതിന് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ്; ഒടുവിൽ അഞ്ചുപേരും കുറ്റവിമുക്തർ

Web Desk
|
29 May 2024 7:14 AM GMT

സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യം

മുംബൈ: ബാലവേലക്ക് കുട്ടികളെ കൊണ്ടുവന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ച് മദ്രസ അധ്യാപകർക്കെതിരൊയ ക്രിമിനൽ കേസുകൾ അവസാനിപ്പിച്ച് റെയിൽവേ പൊലീസ്. മഹാരാഷ്ട്രയിലെ മൻമാഡിലെയും ഭുസാവലിലെയും ഗവൺമെന്റ് റെയിൽവേ പൊലീസാണ് രണ്ട് ക്രിമിനൽ കേസുകൾ അവസാനിപ്പിച്ചത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി മുഹമ്മദ് അഞ്ജൂർ ആലം മുഹമ്മദ് സയ്യിദ് അലി (34), ബിഹാറിലെ അരാരിയ സ്വദേശികളായ സദ്ദാം ഹുസൈൻ സിദ്ദീഖി (23), നുഅ്മാൻ ആലം സിദ്ദീഖി (28), ഇസാജ് സിയാബുൾ സിദ്ദീഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂൺ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് 59 കുട്ടികളെ ബാലവേലക്കായി കടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരെ നാലാഴ്ച ജയിലിലടക്കുകയും ചെയ്തു. അതേസമയം, തെറ്റിദ്ധാരണ കാരണമാണ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതന്നെ് വ്യക്തമായതയും കേസുകൾ മാർച്ചിൽ അവസാനിപ്പിച്ചതായും റെയിൽവേ പൊലീസ് അധികൃതർ അറിയിച്ചു.

2023 മെയ് 30നാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള എട്ടിനും 17നും ഇടയിലുള്ള പ്രായമുള്ള 59 കുട്ടികളാണ് മദ്രസ പഠനത്തിനായി പൂണെയിലേക്കും സാംഗ്ലിയിലേക്കും ട്രെയിനിൽ വന്നത്. ഇവരെ റെയിൽവേ പ്രൊട്ടക്ഷൻ സേനയും ഒരു എൻ.ജി.ഒയും ചേർന്ന് ഭുസാവൽ, മൻമാഡ് സ്റ്റേഷനുകളിൽ നിന്ന് പിടികൂടുകയായിരുന്നു.

ഡൽഹിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡും റെയിൽവേയുമായി ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥനും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ ബാലവേലക്ക് വേണ്ടി കടത്തുകയാണെന്നായിരുന്നു പരാതി. തുടർന്ന് കുട്ടികളെ 12 ദിവസം നാസിക്കിലെയും ഭൂസാവലിലെയും ഷെൽട്ടർ ഹോമുകളിൽ പാർപ്പിച്ചു. പിന്നീട് ഇവരെ മാതാപിതാക്കളുടെ കൂടെ ബിഹാറിലേക്ക് പോകാൻ നാസിക് ജില്ലാ ഭരണകൂടം അനുവദിച്ചു.

കുട്ടികളുടെ കൂടെ അഞ്ച് മദ്രസാ അധ്യാപകരാണ് ഉണ്ടായിരുന്നത്. മതിയായ രേഖകൾ ഇവർക്ക് ഹാജരാക്കാൻ സാധിക്കാത്തതിനാൽ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

അന്വേഷണത്തിന്റെ ഭാഗാമയി റെയിൽവേ പൊലീസ് ബിഹാറിലെ അരാരിയ സന്ദർശിക്കുകയും പ്രതികളുടെയും കുട്ടികളുടെയും യോഗ്യതാപത്രങ്ങൾ പരിശോധിക്കുകയും ചെയ്തു. കുട്ടികളെ കൊണ്ടുപോകാനിരുന്ന മദ്രസയിലും പരിശോധന നടത്തി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസിന് മനസ്സിലായി. കൃത്യമായ പരിശോധന നടത്തിയെന്നും മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്ന് ഉറപ്പായതായും റെയിൽവേ പൊലീസ് കോടതിയിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ വ്യക്തമാക്കി.

അതേസമയം, അഞ്ച് മദ്രസാ അധ്യാപകരെയും ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയെങ്കിലും പൊലീസ് നടപടികൾ വ്യക്തിപരമായി ഇവർക്ക് വലിയ നഷ്ടമാണ് വരുത്തിയത്. ‘കേസുകൾ തെറ്റാണെന്ന് ആളുകൾക്ക് അറിയാമായിരുന്നിട്ടും എഫ്.ഐ.ആറുകളും അറസ്റ്റുകളും ആ ധാരണകളെ മാറ്റി. ഇത് ഞങ്ങളെ സാമൂഹികവും മാനസികവുമായ ദുരിതത്തിലേക്ക് നയിച്ചു’ -കേസിൽ പ്രതിയായിരുന്ന മുഹമ്മദ് ഷാനവാസ് ഹാറൂൺ പറഞ്ഞു. സംഭവത്തെത്തുടർന്ന് എന്റെ കുടുംബം ഭയപ്പാടിലും ആശങ്കയിലുമാണ്. ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകാനുള്ള എന്റെ തീരുമാനം ഉപക്ഷേിക്കാൻ അവർ ആവശ്യപ്പെട്ടതായും ഹാറൂൺ പറഞ്ഞു.

തങ്ങളുടെ കൈവശം എല്ലാ കുട്ടികളുടെയും ആധാർ കാർഡുകൾ ഉണ്ടായിരുന്നു​വെന്ന് സദ്ദാം ഹുസൈൻ സിദ്ദീഖി വ്യക്തമാക്കി. വീഡിയോ കോൾ വഴി കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാമെന്ന് പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ, അവർ പ്രാദേശിക സർപഞ്ചിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ഉള്ള സമ്മതപത്രം ആവശ്യപ്പെട്ടു. അത് ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു. സംഭവശേഷം എന്റെ മാതാപിതാക്കൾ വളരെ ഭയപ്പാടിലായിരുന്നു. അവർക്ക് ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നും സദ്ദാം ഹുസൈൻ സിദ്ദീഖി കൂട്ടിച്ചേർത്തു.

തെറ്റായ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു​വെന്ന് അധ്യാപകരുടെ അഭിഭാഷകൻ നിയാസ് അഹമ്മദ് ലോധി പറഞ്ഞു. കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസിന്റെ തെറ്റായ നടപടി മൂലമുണ്ടായ നഷ്ടത്തിന് അഞ്ച് അധ്യാപകരും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടണം. കൂടുതൽ ജാഗ്രത പാലിക്കാൻ പൊലീസിനെ മികച്ചരീതിയിൽ പരിശീലിപ്പിക്കണം. ഇത്തരം കള്ളക്കേസുകൾ പൊലീസിന്റെയും ജുഡീഷ്യറിയുടെയും സമയം പാഴാക്കുക മാത്രമല്ല, വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നുവെന്നും അഹമ്മദ് ലോധി പറഞ്ഞു.

Similar Posts