35 എ വകുപ്പ് കശ്മീരികള് അല്ലാത്തവരുടെ മൗലികാവകാശങ്ങൾ കവർന്നു-ചീഫ് ജസ്റ്റിസ്
|370 വകുപ്പ് റദ്ദാക്കുന്നതു വരെ ഭരണഘടനയിലെ ഒരു ഭേദഗതിയും ജമ്മു കശ്മീരിനെ ബാധിക്കുമായിരുന്നില്ലെന്നും 2019 വരെ വിദ്യാഭ്യാസാവകാശം കശ്മീരിൽ നടപ്പായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത
ന്യൂഡൽഹി: കശ്മീരികൾക്കു പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 35 എ വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. 35 എ വകുപ്പ് ജമ്മു കശ്മീരിൽ താമസക്കാരല്ലാത്ത ജനതയുടെ മൗലികാവകാശം ഇല്ലാതാക്കുകയാണു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹരജികളിൽ വാദംകേൾക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
കശ്മീരിൽ താമസിക്കാത്ത ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങളാണു നിയമം കവർന്നത്. കശ്മീരിൽ തുല്യാവസരവും തുല്യ ജോലിയും ഭൂമി വാങ്ങാനുള്ള അവകാശവുമെല്ലാം പൗരന്മാരിൽനിന്നു തട്ടിപ്പറിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിൽ താമസിക്കുന്നവർക്കു നൽകുന്ന പ്രത്യേകാധികാരങ്ങളിലൂടെ അവിടെ താമസക്കാരല്ലാത്തവരെയാണു പുറന്തള്ളിയത്-
16(1) വകുപ്പുപ്രകാരം സംസ്ഥാന സർക്കാരിനു കീഴിലുള്ള തൊഴിലുകൾ പ്രത്യേകം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, മറുവശത്ത് 35 എ വകുപ്പ് മൗലികാവകാശമാണ് അപഹരിക്കുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തും ജീവിക്കാനും താമസമാക്കാനുമുള്ള അവകാശം 19 വകുപ്പ് ഉറപ്പുനൽകുന്നുണ്ട്. ഈ മൗലികാവകാശങ്ങളെല്ലാം 35 എ വകുപ്പ് കവരുകയാണു ചെയ്യുന്നത്.
370 വകുപ്പ് റദ്ദാക്കിയതിലൂടെ കശ്മീരികളെ രാജ്യത്തെ മറ്റു പൗരന്മാർക്കു തുല്യരാക്കുകയാണു ചെയ്തതെന്നു ഹരജികളിൽ സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. നേരത്തെ കശ്മീരിൽ നടപ്പാക്കാത്ത ക്ഷേമനിയമങ്ങളെല്ലാം ഇപ്പോൾ നടപ്പിലായിട്ടുണ്ട്. 370 വകുപ്പ് റദ്ദാക്കുന്നതു വരെ ഭരണഘടനയിലെ ഒരു ഭേദഗതിയും ജമ്മു കശ്മീരിനെ ബാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ 2019 വരെ വിദ്യാഭ്യാസാവകാശം കശ്മീരിൽ നടപ്പായിരുന്നില്ലെന്നും മേത്ത ചൂണ്ടിക്കാട്ടി.
2019 ആഗസ്റ്റിലാണ് കശ്മീരിന്റെ പ്രത്യേകാധികാരങ്ങളെല്ലാം എടുത്തുമാറ്റി ഭരണഘടനയുടെ 370 വകുപ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. 35 എ വകുപ്പും ഇതോടൊപ്പം റദ്ദാക്കിയിരുന്നു.
Summary: Article 35A took away fundamental rights while giving special rights to permanent residents of Jammu and Kashmir: Chief Justice of India D.Y. Chandrachud