'370ാം വകുപ്പ് റദ്ദാക്കിയത് ജമ്മുകശ്മീരിനെ കൊള്ളയടിക്കാൻ': മോദി സർക്കാറിനെതിരെ രൂക്ഷവിമർശവുമായി മെഹ്ബൂബ
|കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.
കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ജമ്മുകശ്മീരിലെ വിഭവങ്ങള്‍ കൊള്ളയടിക്കാനാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതെന്നും മെഹ്ബൂബ ആരോപിച്ചു.
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നിലെ ഒരോയൊരു ലക്ഷ്യം ജമ്മുകശ്മീരിനെ കൊള്ളയടിക്കാനായിരുന്നു. ചെനാബ് വാലി പവര്‍ പ്രോജക്ടില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഉയര്‍ന്ന പദവി നല്കുന്നു. നമ്മുടെ വെള്ളവും വൈദ്യുതിയും പുറത്ത്പോകുന്നു. വാഹനങ്ങള്‍ക്കൊക്കെ ഉയര്‍ന്ന നികുതിയും ടോളും നല്‍കേണ്ടി വരുന്നു'-മെഹ്ബൂബ പറഞ്ഞു.
ജമ്മു ഡിവിഷനില്‍ നിന്നുള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. 370ാം വകുപ്പ് റദ്ദാക്കിയത് മുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നു. ഞങ്ങളുടെ ഐഡന്റിറ്റി അപകടത്തിലാണ്. ജമ്മുവിനെ മദ്യമാഫിയകളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മെഹ്ബൂബ ആരോപിച്ചു.
'ഇവിടെ നയങ്ങളൊന്നുമില്ല.തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നു. ജമ്മുകശ്മീര്‍ പിന്നാക്കം നില്‍ക്കുന്നുവെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ പല കാര്യങ്ങളിലും ഞങ്ങള്‍ മുന്‍പന്തിയിലാണ്. സമ്പദ് വ്യവസ്ഥയ്ക്കുമേലുള്ള മോദി സര്‍ക്കാരിന്റെ കടന്നാക്രമണം തുടരുകയാണെങ്കില്‍ പട്ടിണിയുടെ കാര്യത്തില്‍ ഞങ്ങളുടെ സ്ഥിതി ഗുജറാത്തിനേക്കാള്‍ മോശമാകും', മുഫ്തി കൂട്ടിച്ചേര്‍ത്തു.
ആർട്ടിക്കിൾ 370ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതുവരെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് നേരത്തെ മെഹ്ബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു.