കെജ്രിവാളിന്റെ അറസ്റ്റ് പ്രചരണായുധമാക്കാനൊരുങ്ങി ആം ആദ്‍മി
|ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല സംസ്ഥാന ഭരണം പോലും ആം ആദ്മിക്ക് പ്രതിസന്ധിയാണ്
ഡല്‍ഹി: താൽക്കാലിക സമരങ്ങൾക്ക് അപ്പുറം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റിനോട് വരും ദിവസങ്ങളിൽ ആം ആദ്മി പാർട്ടി എങ്ങനെ പ്രതികരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല സംസ്ഥാന ഭരണം പോലും ആം ആദ്മിക്ക് പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാൻ ബി ടീം നേതാക്കൾക്ക് എത്രത്തോളം കഴിയും എന്നത് അനുസരിച്ചാകും ആം ആദ്മിയുടെ ഭാവി.
അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം എന്ന ആശയമാണ് ആം ആദ്മി മുന്നോട്ട് വച്ചിരിക്കുന്നത്. കെജ്‍രിവാള്‍ നേരിട്ട് നയിക്കാൻ ഇല്ലാതാകുമ്പോൾ,കെജ്‍രിവാളിനെ സജീവമായി നിലനിർത്തികൊണ്ടുള്ള സമരത്തിന്‍റെ ആദ്യ ഘട്ടമാണിത്. മെട്രോ സ്റ്റേഷൻ അടച്ചിട്ടാൽ പോലും ഈ സമരം ഇല്ലാതാകും എന്ന കണക്ക് കൂട്ടലാണ് ബി.ജെ.പി നേതൃത്വത്തിന്.അറസ്റ്റോടെ ഇന്‍ഡ്യ മുന്നണിയെ ഒരുമിപ്പിച്ചു നിർത്തുന്ന ഘടകമായി അരവിന്ദ് കെജ്‍രിവാള്‍ എന്ന പേര് മാറി കഴിഞ്ഞു. ആം ആദ്മി നേതാവ് എന്നതിനുപരി പ്രതിപക്ഷ കൂട്ടായ്മയുടെ മുഖം എന്ന തലത്തിലേക്കും പ്രതിച്ഛായ മാറി കഴിഞ്ഞു എന്നാണ് പൊതു വിലയിരുത്തൽ. ഈ പ്രസക്തി തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിൽ വലിയ പ്രചരണം അഴിച്ചു വിടാനാണ് ആം ആദ്മി തയ്യാറെടുക്കുന്നത്. കെജ്‌രിവാളിന്‍റെ ചിത്രത്തോടെ,ഡൽഹിയുടെ മകൻ എന്ന ബോർഡുകൾ ഡൽഹിയുടെ വിവിധ ഭാഗത്തു ഉയർന്നു കഴിഞ്ഞു. രാഘവ് ചദ്ദ,അതിഷി,സൗരഭ് ഭരദ്വാജ്,ഗോപാൽ റായ് എന്നീ ആം ആദ്മി നേതാക്കൾക്ക് പ്രചാരണവും പ്രക്ഷോഭവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞാൽ അറസ്റ്റ്, വലിയ രാഷ്ട്രീയ നേട്ടത്തിനും ഉപകരിക്കും.