India
വോട്ടു തരൂ... ഇഹലോകവും പരലോകവും സുന്ദരമാക്കിത്തരാം... ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി അരവിന്ദ് കേജ്‌രിവാൾ
India

''വോട്ടു തരൂ... ഇഹലോകവും പരലോകവും സുന്ദരമാക്കിത്തരാം...'' ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി അരവിന്ദ് കേജ്‌രിവാൾ

Web Desk
|
21 Nov 2021 9:56 AM GMT

ഡൽഹി ഭരിക്കുന്ന എഎപി ദേശീയശക്തിയാകാനൊരുങ്ങി, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സജീവമാകുകയാണ്

''വോട്ടു തരൂ... ഇഹലോകവും പരലോകവും സുന്ദരമാക്കിത്തരാം...'' 2022 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിലെ ഭരണനേട്ടങ്ങളും ഭക്തജനങ്ങൾക്ക് സൗജന്യ തീർത്ഥയാത്ര ഒരുക്കിയതും കാണിച്ചാണ് വാർത്താസമ്മേളനത്തിൽ കേജ്‌രിവാളിന്റെ വാഗ്ദാനം. ദേവഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡിലും സൗജന്യ തീർത്ഥ യാത്ര ഒരുക്കുമെന്നാണ് 53 കാരനായ എഎപി നേതാവിന്റെ വാക്ക്. ഞാൻ ഈയടുത്ത് അയോധ്യയിലെ രാം ലല്ല ദർശനത്തിന് പോയെന്നും എല്ലാവർക്കും അവിടെ ദർശനം നടത്താൻ അവസരം ലഭിക്കാൻ പ്രാർത്ഥിച്ചെന്നും കേജ്‌രിവാൾ പറഞ്ഞു. ഡൽഹിയിൽ ഇത്തരം യാത്ര സൗകര്യം ഒരുക്കിയെന്നും ഭരണത്തിലെത്തിയാൽ ഉത്തരാഖണ്ഡിലും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംസഹോദരങ്ങൾക്ക് അജ്മീർ ശരീഫിലേക്കും സിഖ് സഹോദരങ്ങൾക്ക് കാർത്താപൂർ ഇടനാഴിയിലേക്കും യാത്ര ഒരുക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു.


നല്ല വിദ്യാലയങ്ങൾ, റോഡുകൾ, കുടിവെള്ളം, 24 മണിക്കൂർ വൈദ്യുതി, സൗജന്യ വൈദ്യുതി, ജോലി തുടങ്ങിയ സൗകര്യങ്ങൾ നൽകുമെന്നും കേജ്‌രിവാൾ വാക്ക് നൽകി. ഇതിനൊപ്പമാണ് ആധ്യാത്മിക ജീവിത സൗകര്യവും നൽകുമെന്ന വാഗ്ദാനം നൽകിയത്. എഎപിയെ ബിജെപിക്കും കോൺഗ്രസിനും ഇടയിലായി കാണുന്നില്ലെന്നും അവർ അഴിമതിയിൽ മുഴുകിയിരിക്കുകയാണെന്നും തങ്ങൾ ജനങ്ങൾക്കിടയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ഭരിക്കുന്ന എഎപി ദേശീയശക്തിയാകാനൊരുങ്ങി, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സജീവമാകുകയാണ്.

ഉത്തരാഖണ്ഡിലൂടെ ഓട്ടോയിൽ കേജ്‌രിവാൾ യാത്ര ചെയ്യുന്ന ചിത്രം ആംആദ്മി പാർട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. '' താൻ ജോലി ചെയ്തിട്ടില്ലെങ്കിൽ, തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് താൻ 2020 ൽ ഡൽഹി തെരഞ്ഞെടുപ്പിൽ പറഞ്ഞു. ഇക്കാര്യം തെരഞ്ഞെടുപ്പിന് മുമ്പ് പറയാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. ഇന്ന് ഞാൻ നിങ്ങളോട് അവസരം ചോദിക്കുന്നു. ബിജെപിക്കും കോൺഗ്രസിന് വോട്ടു നൽകുന്നത് നിർത്തൂ'' ഉത്തരാഖണ്ഡിലെ ഓട്ടോ ടാക്‌സി ഡ്രൈവർമാരുടെ സംഗമത്തെ അഭിസംബോധന ചെയ്ത് കേജ്‌രിവാൾ പറഞ്ഞു. 150 കോടി രൂപ ഡൽഹിയിലെ 1.5 ലക്ഷം ഓട്ടോ ഡ്രൈവർമാർക്ക് നൽകിയ തന്നെ സഹോദരനായാണ് അവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെവിടെയും ഇതുപോലെ ജനങ്ങളെ പരിഗണിക്കുന്ന പാർട്ടിയില്ലെന്നും കേജ്‌രിവാൾ അവകാശപ്പെട്ടു. സുതാര്യമായ ആർടിഒ സർവീസ് കൊണ്ടുവരുമെന്നും അപകടങ്ങളിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും ഫിറ്റ്‌നസ് ഫീ ഒഴിവാക്കുമെന്നും അദ്ദേഹം വാക്കുനൽകി.

Similar Posts