'മോദിയുടെ ആശീർവാദം വേണം, കേന്ദ്രസഹകരണവും'; ഡൽഹി കോർപ്പറേഷൻ വിജയത്തിൽ കെജ്‌രിവാൾ
|കോർപ്പറേഷനിലെ വിജയത്തോടെ 2015 മുതൽ ഡൽഹി സംസ്ഥാനം ഭരിക്കുന്ന എഎപിക്ക് ഡബിൾ എൻജിൻ സർക്കാർ പ്രൗഢി ലഭിച്ചിരിക്കുകയാണ്
ന്യൂഡൽഹി: 15 കൊല്ലമായി ബി.ജെ.പി ഭരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി(എം.സി.ഡി)യിൽ തന്റെ പാർട്ടി ഭരണം നേടിയ ശേഷം പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാൾ. 'ഞങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ പിന്തുണ വേണം, പ്രധാനമന്ത്രിയുടെയും സർക്കാറിന്റെയും ആശീർവാദവും വേണം' വിജയശേഷം നടത്തിയ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാറിന്റെ നിയന്ത്രണങ്ങളിലൂടെ ഡൽഹി സംസ്ഥാന സർക്കാറിന്റെ പദ്ധതികൾ തടയുന്നതായി എഎപി നിരന്തരം കുറ്റപ്പെടുത്താറുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിന്റെ പ്രസ്താവന.
എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്നും ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ഡൽഹിയിലെ കാര്യങ്ങൾ ശരിയാക്കുമെന്നും പറഞ്ഞു. 'വോട്ട് ചെയ്തവർക്ക് നന്ദി പറയുന്നു. ചെയ്യാത്തവരോട് ഒരു കാര്യം പറയുന്നു; ആദ്യ നിങ്ങളുടെ കാര്യങ്ങൾ ചെയ്യും. പിന്നീട് മറ്റുള്ളവരുടെ കാര്യം ചെയ്യും' കെജ്‌രിവാൾ പ്രസംഗത്തിൽ പറഞ്ഞു. കയ്യടിയോടെയാണ് സദസ്സ് ഈ വാക്കുകൾ സ്വീകരിച്ചത്.
'ഞാൻ നിങ്ങളെയും ഇഷ്ടപ്പെടുന്നു' എംഎസ്ഡി വിജയശേഷം നടത്തിയ സമ്മേളനത്തിനെത്തിയവരോട് അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്വത്തിന് നന്ദി പറയുന്നുവെന്നും പ്രതീക്ഷകൾ പൂവണിയിക്കാൻ രാപകൽ അധ്വാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ പോസിറ്റീവ് രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്നും മറ്റുള്ളവരെ അപഹസിക്കുന്ന രീതി സ്വീകരിക്കില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി.
കോർപ്പറേഷനിലെ വിജയത്തോടെ 2015 മുതൽ ഡൽഹി സംസ്ഥാനം ഭരിക്കുന്ന എഎപിക്ക് ഡബിൾ എൻജിൻ സർക്കാർ പ്രൗഢി ലഭിച്ചിരിക്കുകയാണ്. 250 അംഗസഭയിലെ കേവല ഭൂരിപക്ഷത്തേക്കാൾ സീറ്റുകൾ നേടിയിരിക്കുകയാണ് എഎപി. അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പി അഭിമാനകരമായ പോരാട്ടമായി കണ്ട തെരഞ്ഞെടുപ്പിൽ 134 സീറ്റുകളിൽ വിജയിച്ചു. നേരത്തെ നോർത്ത് - സൗത്ത് -ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുകളായിരിക്കെ ബിജെപിയാണ് ഭരിച്ചിരുന്നത്.
Delhi Chief Minister and Aam Aadmi Party chief Arvind Kejriwal reacts after his party wins the Municipal Corporation of Delhi (MCD) which has been ruled by the BJP for 15 years.