മദ്യനയ അഴിമതിക്കേസ്; കെജ്‍രിവാളിനെ സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു
|മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്
ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളോടൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സി.ബി.ഐ തീരുമാനം. അതേസമയം സി.ബി.ഐ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. ഇഡിയെടുത്ത കേസിൽ ജാമ്യം ഉറപ്പായതോടെ ബി.ജെ.പി സിബിഐയെ ഉപയോഗിച്ച് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുവെന്നാണ് പാർട്ടിയുടെ ആരോപണം.
ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിനെതിരെ കൂടുതൽ കൂടുതൽ കുരുക്ക് മുറുക്കുകയാണ് സി.ബി.ഐയും. ഇന്നലെ തിഹാർ ജയിലിൽ എത്തി ചോദ്യം ചെയ്തു പിന്നാലെ ഇന്ന് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ആദ്യം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും പിന്നീട് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യുകയാണെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചു.അതേസമയം സാക്ഷി എന്ന നിലയില്‍ നിന്ന് പെട്ടെന്ന് എങ്ങനെ ഒരാള്‍ പ്രതിയാകുമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകർ ചോദിച്ചിരുന്നു.
മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡി സിബിഐ ആവശ്യപ്പെട്ടിരുന്നു.കേസിൽ വൻ വാദ പ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും മനീഷ് സിസോദിയക്കെതിരെ താൻ മൊഴി നൽകിയിട്ടില്ലെന്നും കെജ്‌രിവാൾ വിചാരണ കോടതിയെ അറിയിച്ചിരുന്നു.