India
ഗുജറാത്ത് പൊലീസ് തടഞ്ഞിട്ടും വാക്കുപാലിച്ച് കെജ്‍രിവാള്‍; ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി
India

ഗുജറാത്ത് പൊലീസ് തടഞ്ഞിട്ടും വാക്കുപാലിച്ച് കെജ്‍രിവാള്‍; ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി

Web Desk
|
13 Sep 2022 2:37 AM GMT

പൊലീസിന്‍റെ എതിര്‍പ്പ് മറികടന്ന് ഓട്ടോയിലാണ് കെജ്‍രിവാള്‍ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയത്.

അഹമ്മദാബാദ്: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി അത്താഴം കഴിച്ചു. കെജ്‍രിവാളിന്‍റെ യാത്ര തടയാന്‍ ഗുജറാത്ത് പൊലീസ് ശ്രമിച്ചു. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തടയാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസിന്‍റെ എതിര്‍പ്പ് മറികടന്ന് ഓട്ടോയിലാണ് കെജ്‍രിവാള്‍ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.എ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കെജ്‍രിവാള്‍ ഗുജറാത്തിലെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് അദ്ദേഹം അഹമ്മദാബാദിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അതിനിടെയാണ് തന്‍റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരാമോ എന്ന് ഓട്ടോ ഡ്രൈവര്‍ വിക്രം ദന്താനി കെജ്‍രിവാളിനോട് ചോദിച്ചത്.

"ഞാൻ നിങ്ങളുടെ ആരാധകനാണ്. സോഷ്യൽ മീഡിയയിൽ കണ്ട വീഡിയോയിൽ, പഞ്ചാബിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിങ്ങള്‍ അത്താഴം കഴിക്കാൻ പോയതു കണ്ടു. എന്‍റെ വീട്ടിൽ വരാമോ?" എന്നാണ് ദന്താനി ചോദിച്ചത്.

കെജ്‍രിവാള്‍ ഉടൻ തന്നെ ക്ഷണം സ്വീകരിച്ചു- "പഞ്ചാബിലെയും ഗുജറാത്തിലെയും ഓട്ടോ ഡ്രൈവര്‍മാര്‍ എന്നെ സ്നേഹിക്കുന്നു. ഇന്ന് വൈകുന്നേരം ഞാൻ വരണോ?"

അഹമ്മദാബാദിലെ ഹോട്ടലില്‍ നിന്ന് രാത്രി 7.30ഓടെ കെജ്‍രിവാള്‍ ഇറങ്ങി. ഓട്ടോയില്‍ പുറപ്പെട്ട കെജ്‍രിവാളിനെ ഗുജറാത്ത് പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. ഒടുവില്‍ പൊലീസ് കെജ്‍രിവാളിനെ ഓട്ടോ ഡ്രൈവറുടെ വീട്ടിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഓട്ടോറിക്ഷാ ഡ്രൈവറുടെ അരികിൽ ഇരുന്നു. രണ്ട് പൊലീസ് വാഹനങ്ങള്‍ ഓട്ടോയെ അനുഗമിച്ചു. ദന്താനിയുടെ വീട്ടില്‍ നിന്ന് അത്താഴം കഴിക്കാമെന്ന വാക്കുപാലിച്ചാണ് കെജ്‍രിവാള്‍ മടങ്ങിയത്.



Similar Posts