India
Arvind Kejriwals parents will questioned in Swati Maliwal case
India

സ്വാതി മലിവാളിന്റെ പരാതി: കെജ്‌രിവാളിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും

Web Desk
|
23 May 2024 6:23 AM GMT

കേസിൽ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പാക്കപ്പെടണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് ഡൽഹി പൊലീസിന്റെ പുതിയ നീക്കം. പൊലീസ് നടപടിയുടെ പശ്ചാത്തലത്തിൽ എഎപി അടിയന്തര യോഗം ചേരാൻ തീരുമാനിച്ചു.

കെജ്‌രിവാളിൻ്റെ മാതാപിതാക്കളുടെയും ഭാര്യയുടേയും മൊഴി രേഖപ്പെടുത്താൻ പൊലീസ് സമയം തേടിയതായി വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിൻ്റെ ഭാര്യ സുനിതയെയും പോലീസ് ചോദ്യം ചെയ്‌തേക്കും. ഡൽഹി പൊലീസ് തൻ്റെ രോഗികളായ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു.

എന്നാൽ, സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി പൊലീസ് കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എപ്പോൾ ചോദ്യം ചെയ്യുമെന്ന കാര്യം പൊലീസ് അറിയിച്ചിട്ടില്ല.

കേസിൽ സത്യം തെളിയിക്കപ്പെടണമെന്നും നീതി നടപ്പാക്കപ്പെടണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. സംഭവം നടക്കുന്ന സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും അതുകൊണ്ടു തന്നെ നടന്നത് എന്താണെന്ന് അറിയില്ലെന്നും കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് ബൈഭവ് തന്നെ കൈയേറ്റം ചെയ്‌തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബൈഭവ് തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്‌രിവാളിന്റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു. സംഭവത്തിൽ കുമാറിനെ പിന്നീട് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ കെജ്‌രിവാളിൻ്റെ വസതിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സ്വാതി മലിവാളിനെതിരെ ആം ആദ്മി പാർട്ടി ഉന്നയിച്ചു. ബിജെപിയുടെ ആളായാണ് സ്വാതി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് മുതൽ ബിജെപി വിയർക്കുകയാണെന്നും അതിനാൽ അവർ ഗൂഢാലോചന നടത്തിയെന്നും ഡൽഹി മന്ത്രി അതിഷി ആരോപിച്ചിരുന്നു.

സ്വാതി നുണ പറയുകയാണ്. ഈ ഗൂഢാലോചനയുടെ മുഖവും നിക്ഷേപവുമാണ് സ്വാതി. അവർ നിരവധി കേസുകൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ബിജെപി അവരെ പേടിപ്പിക്കുന്നുണ്ടെന്നും അതിഷി ഉൾപ്പെടെയുള്ള ആംആദ്മി നേതാക്കൾ ആരോപിച്ചിരുന്നു.

സ്വാതി നുണ പറയുകയാണ്. ഈ ഗൂഢാലോചനയുടെ മുഖവും നിക്ഷേപവുമാണ് സ്വാതി. അവർ നിരവധി കേസുകൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ബിജെപി അവരെ പേടിപ്പിക്കുന്നുണ്ടെന്നും അതിഷി ഉൾപ്പെടെയുള്ള ആംആദ്മി നേതാക്കൾ ആരോപിച്ചിരുന്നു. സ്വാതിയുടെ പരാതി ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, താൻ അതിക്രമം നേരിട്ട സംഭവത്തിൽ ബിജെപി രാഷ്ട്രീയം കളിക്കരുതെന്ന് സ്വാതി മലിവാൾ പ്രതികരിച്ചിരുന്നു. ബിജെപിയോടുള്ള പ്രത്യേക അഭ്യർഥനയാണിതെന്നും താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് പൊലീസിന് മൊഴി നൽകിയെന്നും സ്വാതി നേരത്തെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.






Similar Posts