India
ആര്യന്‍ ഖാന്‍റെ അറസ്റ്റ് അദാനിയുടെ തുറമുഖത്തെ 2000 കോടിയുടെ ലഹരി വേട്ടയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍: കോണ്‍ഗ്രസ്
India

ആര്യന്‍ ഖാന്‍റെ അറസ്റ്റ് അദാനിയുടെ തുറമുഖത്തെ 2000 കോടിയുടെ ലഹരി വേട്ടയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍: കോണ്‍ഗ്രസ്

ijas
|
4 Oct 2021 10:28 AM GMT

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് ഡി.ആര്‍.ഐ 2000 കോടി വിലവരുന്ന 2,988.22 കിലോ ഹെറോയിന്‍ ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നും പിടികൂടുന്നത്

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ചെറുമീനിനെ പിടികൂടിയ നാര്‍ക്കോട്ടിക്സ് ബ്യൂറോയുടെ നടപടി ഗുജറാത്തിലെ അദാനിക്ക് കീഴിലെ മുന്ദ്ര പോര്‍ട്ടിലെ 3000 കിലോയുടെ ഹെറോയിന്‍ കള്ളക്കടത്തിലെ വലിയ മീനുകളെ രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ആരോപിച്ചു. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടിലെ ഹെറോയിന്‍ കള്ളക്കടത്തിനെ കുറിച്ച് നാര്‍ക്കോട്ടിക്സ് ബ്യൂറോ മൗനം പാലിക്കുകയാണെന്നും ഷമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ കോര്‍ഡിലിയയില്‍ നിന്നും ആര്യന്‍ ഖാന്‍ അടക്കം എട്ട് പേരെ കൊക്കെയ്ന്‍ ഉള്‍പ്പെടേയുള്ള നിരോധിത ലഹരി മരുന്നുകള്‍ സഹിതം അറസ്റ്റു ചെയ്യുന്നത്.

''അവിടെ നിന്നും ഇവിടെ നിന്നും കുറച്ച് പേരെ പിടിക്കും, അപ്പോള്‍ മാധ്യമങ്ങള്‍ ആ കേസുകള്‍ മാത്രം കാണിക്കും. ഇത് ശ്രദ്ധ തിരിക്കാനാണ്. എല്ലാവരും മുന്ദ്ര പോര്‍ട്ടിനെ കുറിച്ച് എഴുതാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. എന്തു കൊണ്ടാണ് അക്കാര്യം അന്വേഷിക്കാത്തത്? എന്താണ് അവിടെ സംഭവിക്കുന്നത്? എന്ത് കൊണ്ടാണ് അക്കാര്യം അവഗണിക്കുന്നത്?''- കോണ്‍ഗ്രസ് വക്താവ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് ഡി.ആര്‍.ഐ 2000 കോടി വിലവരുന്ന 2,988.22 കിലോ ഹെറോയിന്‍ ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നും പിടികൂടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ നിന്നും അയച്ച ചരക്ക് ഇറാനിലെ ബന്ദര്‍ അബ്ബാസ് പോര്‍ട്ടില്‍ നിന്നാണ് ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടിലെത്തുന്നത്. കേസില്‍ ഇത് വരെ പത്ത് പേരെ അറസ്റ്റു ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു. ആറ് അഫ്ഗാന്‍ സ്വദേശികളും ഒരു ഉസ്ബെകിസ്ഥാനി വനിതയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അറസ്റ്റിലായ ആറ് അഫ്ഗാനികളില്‍ രണ്ട് പേരെ ഷിംലയില്‍ നിന്നുമാണ് പിടികൂടിയത്.


ഇത്രയും വലിയ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പുലര്‍ത്തുന്ന മനപ്പൂര്‍വമായ മൗനത്തെയും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനദെ ചോദ്യം ചെയ്തു. ഇരുവരുടെയും സ്വന്തം സംസ്ഥാനത്ത് നിന്നാണ് ലഹരി പിടികൂടിയതെന്നും ഒന്നര വര്‍ഷത്തോളമായി കേന്ദ്രം നാര്‍ക്കോട്ടിക്സ് ബ്യൂറോ ഡയറക്ടര്‍ ജനറലിന്‍റെ കസേര ഒഴിച്ചിട്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

Similar Posts