India
തെളിവു നശിപ്പിക്കും, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധം; ആര്യൻ ഖാനെതിരെ എൻസിബിയുടെ കുറ്റപത്രം ഇങ്ങനെ
India

തെളിവു നശിപ്പിക്കും, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധം; ആര്യൻ ഖാനെതിരെ എൻസിബിയുടെ 'കുറ്റപത്രം' ഇങ്ങനെ

Web Desk
|
20 Oct 2021 1:39 PM GMT

"വലിയ മയക്കുമരുന്നു ശൃംഖലയുടെ ഭാഗമാണ് പ്രതികൾ എന്നു കരുതാനുള്ള തെളിവുകളുണ്ട്."

മുംബൈ: ലഹരിമരുന്നു കേസിൽ ആര്യൻ ഖാന് ജാമ്യം നൽകാതിരിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങൾ. പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും എൻസിബിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.

വാദങ്ങൾ ഇങ്ങനെ;

  • പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെങ്കിലും നിയമപരമല്ലാത്ത ലഹരി പ്രവർത്തനങ്ങളിൽ പ്രതി (ആര്യൻഖാൻ) ഉൾപ്പെട്ടിട്ടുണ്ടെന്ന് വാട്‌സ് ആപ്പ് ചാറ്റുകൾ തെളിയിക്കുന്നു. ആരോപണ വിധേയരെല്ലാം ഏറെ സ്വാധീനമുള്ള വ്യക്തികളാണ്. അതുകൊണ്ടു തന്നെ ഇവർ പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ട്.
  • ആര്യൻഖാന് വിദേശ പൗരന്മാരുമായും മറ്റു അന്താരാഷ്ട്ര ലഹരിക്കടത്തുകാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. ചോദ്യം ചെയ്യലിനിടെ പ്രതി ആരുടെയും പേരു വെളിപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നൽകാൻ ഒന്നാം നമ്പർ പ്രതിക്കു മാത്രമേ ആകൂ.
  • ലഹരി വിതരണക്കാരും വിൽപ്പനക്കാരും തമ്മിൽ കൂട്ടുകെട്ടുണ്ടെന്ന് വാട്‌സ് പ്രതിയുടെ ആപ്പ് ചാറ്റുകൾ തെളിയിക്കുന്നു. നിരോധിത വസ്തുക്കളുമായാണ് ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ കപ്പലിൽ നിന്ന് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവർക്ക് ലഹരിവസ്തുക്കൾ നൽകിയവരുടെ പേരുകൾ ചില പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തി എന്നതിന് കൃത്യമായ തെളിവുകളുണ്ട്.
  • വലിയ ലഹരി ശൃംഖലയുടെ ഭാഗമാണ് പ്രതികൾ എന്നു കരുതാനുള്ള തെളിവുകളുണ്ട്. ആര്യനിൽ നിന്ന് ഒന്നും കണ്ടെടുത്തില്ലെങ്കിലും അർബാസ് മർച്ചന്റിന്റെ ഷൂവിന് അടിയിൽ ലഹരിവസ്തുക്കൾ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആറു ഗ്രാം ചരസാണ് അർബാസിൽ നിന്ന് കണ്ടെടുത്തത്. ഇവർ തമ്മിൽ ദീർഘകാല സുഹൃത്തുക്കളാണ്.


അതിനിടെ, ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നവാഗതയായ നടിയുമായി ആര്യൻ ഖാൻ വാട്‌സ് ആപ്പ് വഴി ചാറ്റ് ചെയ്തു എന്ന് റിപ്പോർട്ടുണ്ട്. ഒക്ടോബർ മൂന്നിന് മുംബൈ തീരത്ത് കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ എൻസിബിയുടെ റെയ്ഡിലാണ് ആര്യൻ ഖാൻ അറസ്റ്റിലായത്. പ്രതികളിൽനിന്ന് 13 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 ഗുളികകൾ എംഡിഎംഎ (എക്സ്റ്റസി) എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എൻസിബി സംഘം കോടതിയെ അറിയിച്ചിരുന്നു.

കേസിൽ ഷാരൂഖിന്റെ മകന് പിന്തുണയുമായി ബോളിവുഡും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്ന ആവശ്യവുമായി ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ കിശോർ തിവാരി ഹർജി നൽകി. എൻസിബിയിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികാരം തീർക്കുകയാണ് എന്നാണ് ഹർജിയിൽ പറയുന്നത്.

Similar Posts