ആര്യൻ ഖാൻ പ്രതിയായ ലഹരിക്കടത്ത് കേസിലെ സാക്ഷി പ്രഭാകർ സെയിൽ മരിച്ചു
|ചമ്പൂരിലെ മഹുൽ ഏരിയയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകർ സെയിലിന്റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ പറഞ്ഞു.
മുംബൈ: കോർഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ എൻസിബിയുടെ സാക്ഷിയായിരുന്ന പ്രഭാകർ സെയിൽ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 36 വയസായിരുന്നു. ചമ്പൂരിലെ മഹുൽ ഏരിയയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകർ സെയിലിന്റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായത്. 26 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒക്ടോബർ 28നാണ് ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എൻസിബിയുടെ സാക്ഷിയായിരുന്ന സെയിൽ പിന്നീട് അന്വേഷണ ഏജൻസിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻസിബിക്കെതിരെയും ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകൻ കെ.പി ഗോസാവിക്കും എതിരെ അദ്ദേഹം ആരോപിച്ചത്.