ആര്യനായി ഹൈക്കോടതിയില്‍ ഹാജരാവുക മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി
|ലഹരിമരുന്ന് കേസില്‍ ഒക്ടോബര്‍ 8 മുതല്‍ ആര്യന്‍ ഖാന്‍ ജയിലിലാണ്
മുംബൈ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ആര്യനായി ഹാജരാവുക.
ലഹരിമരുന്ന് കേസില്‍ ഒക്ടോബര്‍ 8 മുതല്‍ ആര്യന്‍ ഖാന്‍ ജയിലിലാണ്. മുംബൈ എൻഡിപിഎസ് കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചു. പിന്നാലെയാണ് ആര്യനും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ആര്യന് ജാമ്യം നല്‍കരുതെന്നാണ് എന്‍സിബി വാദിച്ചത്. ആര്യന്‍റെ ലഹരി ഉപയോഗം സംബന്ധിച്ച് ഫോണിലെ സന്ദേശങ്ങളില്‍ നിന്നും തെളിവ് ലഭിച്ചെന്നും എന്‍സിബി കോടതിയെ ധരിപ്പിച്ചു. എന്നാൽ കേസിനാസ്പദമായ തെളിവുകളൊന്നും തന്‍റെ പക്കൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് ആര്യന്‍ വാദിച്ചത്. ഇതേ വാദം തന്നെയാകും ഹൈക്കോടതിയിലും ആവര്‍ത്തിക്കുക. ആര്യന്‍ ഖാനില്‍ നിന്നും ലഹരി പിടികൂടിയതായി എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇല്ല.
ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ നിന്നും പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അതിനിടെ റെയ്ഡിനും അറസ്റ്റിനും നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെക്കെതിരെ ആരോപണം ഉയര്‍ന്നു. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ്, കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 8 കോടി എൻസിബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഈ ആരോപണത്തില്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
ആരോപണ വിധേയനായ സമീർ വാങ്കഡെ ഡൽഹിയിൽ എത്തി. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനാൽ എൻസിബി ഡിജിയെ കണ്ട് സമീർ വാങ്കഡെ കാര്യങ്ങൾ വിശദീകരിച്ചേക്കും. ജോലിയുടെ ഭാഗമായി ഡൽഹിയിൽ എത്തിയതാണെന്നാണ് വാങ്കഡെയുടെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചതല്ലെന്നും സമീർ വാങ്കഡെ അവകാശപ്പെട്ടു.