India
ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം: അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
India

ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം: അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk
|
22 Sep 2021 2:51 AM GMT

ഒരു എംപിയുടെ ഔദ്യോഗിക വസതി സുരക്ഷിതമല്ലെങ്കിൽ അമിത് ഷാ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉവൈസി

എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച സംഭവത്തില്‍ അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡല്‍ഹി അശോക റോഡിലുള്ള വസതിയാണ് ആക്രമിക്കപ്പെട്ടത്. ഹിന്ദുസേന സംഘം വീടിന്‍റെ വാതിലും ജനലും തകർത്തു. എംപി ജിഹാദിയാണെന്ന് ആക്രോശിക്കുകയും ചെയ്തു.

സംഭവസ്ഥലത്തു നിന്ന് തന്നെ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തെന്ന് ഡിസിപി ദീപക് യാദവ് പറഞ്ഞു. ഉവൈസിയുടെ നിലപാടുകളില്‍ പ്രകോപിതരായാണ് അക്രമം നടത്തിയതെന്ന് പ്രതികള്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ പറഞ്ഞെന്ന് ഡിസിപി വിശദീകരിച്ചു. ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് അവര്‍ പറഞ്ഞു. ഉവൈസി ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് അവര്‍ പറയുന്നത്. അഞ്ച് പേരും വടക്കുകിഴക്കൻ ഡൽഹിയിലെ മണ്ടോളി നിവാസികളാണെന്നും ഡിസിപി പറഞ്ഞു.

തന്‍റെ വസതി ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ലെന്ന് ഉവൈസി പ്രതികരിച്ചു. ആവർത്തിച്ചുള്ള ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെടുത്തി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു-

"രാജ്യത്തെ മതഭ്രാന്തും വിദ്വേഷ അന്തരീക്ഷവുമാണ് ഇതിന് കാരണം. നിങ്ങൾക്ക് പ്രതിഷേധിക്കാം. പക്ഷേ എന്തിനാണ് ആക്രമിക്കുന്നത്? ജന്തർ മന്തർ 200 മീറ്റർ മാത്രം അകലെയാണ്. അവിടെ പ്രതിഷേധിക്കാം. ആരും നിങ്ങളെ തടയില്ല. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടത് സർക്കാരാണ്. എനിക്ക് ഇതെല്ലാം ശീലമാണ്. ഞാൻ ഇത് വളരെക്കാലമായി കാണുന്നു. അതീവ സുരക്ഷിതമായ മേഖലയിൽ ആളുകൾ ഇത് ചെയ്യാൻ ധൈര്യപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. 2015 മുതൽ അവർ അത് ചെയ്യുന്നുണ്ട്. ഈ ആക്രമണങ്ങൾ കൊണ്ട് എന്നെ തടയാനാവില്ല"- ഉവൈസി പറഞ്ഞു.

തന്‍റെ വസതിയിലെ ജോലിക്കാരന്‍ രാജു ആക്രമിക്കപ്പെട്ടെന്നും അക്രമികള്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും ഉവൈസി പറഞ്ഞു. ജയ് ശ്രീറാം ഉറക്കെവിളിച്ചാണ് അക്രമികള്‍ എത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോടാലിയും കല്ലുകളും വടികളുമായി എത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. 'ജിഹാദി ഉവൈസി'യെ ഒരു പാഠം പഠിപ്പിക്കുമെന്നും അക്രമികള്‍ ആക്രോശിച്ചു.

ഒരു പാർലമെന്‍റേറിയന്‍റെ വീടാണ് ആക്രമിക്കപ്പെട്ടത്. എന്ത് സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ഉവൈസി ചോദിക്കുന്നു. ഇലക്ഷന്‍ കമ്മീഷന്‍ ഹെഡ്ക്വാട്ടേഴ്സ് തന്‍റെ വീടിന് തൊട്ടടുത്താണ്. അടുത്തുതന്നെ പൊലീസ് സ്റ്റേഷനുണ്ട്. പ്രധാനമന്ത്രിയുടെ വസതിയാകട്ടെ എട്ട് കി.മീ അകലെയാണ്. ഒരു എംപിയുടെ ഔദ്യോഗിക വസതി സുരക്ഷിതമല്ലെങ്കിൽ അമിത് ഷാ എന്ത് സന്ദേശമാണ് നല്‍കുന്നത്? അക്രമികളുടെ ഭീരുത്വം വീണ്ടും വെളിപ്പെട്ടു. പതിവുപോലെ അവർ ഒറ്റയ്ക്കല്ല, കൂട്ടമായി വന്നു. താൻ വീട്ടിലില്ലാത്ത സമയത്തുവന്നു. തന്‍റെ ജോലിക്കാരന്‍ രാജുവിന ആക്രമിച്ചു. രാജുവി‍റെ ബന്ധുക്കള്‍ ഭയന്നുപോയി. അവര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉവൈസി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ട് ഉവൈസി ട്വീറ്റ് ചെയ്തതിങ്ങനെ- "നമ്മൾ എങ്ങനെയാണ് തീവ്രവാദത്തിനെതിരെ പോരാടേണ്ടതെന്ന് പ്രധാനമന്ത്രി ലോകത്തെ ഉദ്ബോധിപ്പിക്കുന്നു. ഈ ഗുണ്ടകളെ തീവ്രവാദികളാക്കിയത് ആരാണെന്ന് പറയൂ? ഇതെല്ലാം എന്നെ ഭയപ്പെടുത്തുമെന്ന് ഈ തെമ്മാടികൾ കരുതുന്നുവെങ്കിൽ അവർക്ക് മജ്‌ലിസിനെ അറിയില്ല. നീതിക്കായുള്ള പോരാട്ടം ഞങ്ങൾ ഒരിക്കലും അവസാനിപ്പിക്കില്ല."

Related Tags :
Similar Posts