ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയ്യാറെന്ന് ഉവൈസി
|നിലവില്‍ ചെറുകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച എന്ന മുന്നണിയിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ( എസ്.പി.)യുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് വിരോധമില്ലെന്ന് എ.ഐ.എം.ഐ.എം. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ എസ്.പി. തയ്യാറാകണമെന്നും എ.ഐ.എം.ഐ.എം ആവശ്യപ്പെട്ടു.
നിലവില്‍ ചെറുകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച എന്ന മുന്നണിയിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്. ഓം പ്രകാശം രാജ് ബബ്ബര്‍ നയിക്കുന്ന മുന്നണിയില്‍ എ.ഐ.എം.ഐ.എമ്മിനെക്കൂടാതെ ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനതാ ക്രാന്തി പാര്‍ട്ടി, രാഷ്ട്ര ഉദയ് പാര്‍ട്ടി എന്നിവരാണുള്ളത്.മോര്‍ച്ചയുടെ ഒരു മുസ്‌ലീം എം.എല്‍.എയെ ഡെപ്യൂട്ടി സ്പീക്കറാക്കാമെങ്കില്‍ എസ്.പിയുമായി സഖ്യത്തിലേര്‍പ്പെടാമെന്നാണ് എ.ഐ.എം.ഐ.എമ്മിന്റെ നിലപാട്. സംസ്ഥാനത്തെ 20% വരുന്ന മുസ്ലീം വോട്ടുകൾ ഏകീകരിക്കാൻ ഇത് സഹായിക്കുമെന്ന് എ.ഐ.എം.ഐ.എം സെക്രട്ടറി ഷൗക്കത്ത് അലി ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്താൻ അനുവദിക്കില്ലെന്ന് എഐഐഎം മേധാവി അസദുദ്ദീൻ ഉവൈസി കഴിഞ്ഞ മാസം വെല്ലുവിളിച്ചിരുന്നു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ എസ്.പി, ബി.എസ്.പി, കക്ഷികള്‍ക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാർട്ടി തയ്യാറാണെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. അതേ സമയം സംസ്ഥാനത്ത് കോണ്‍ഗ്രസിനും ആപ്പിനും ഒപ്പം ചേർന്ന് സഖ്യം രൂപീകരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നാണ് ഉവൈസി പറയുന്നത്.