ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയും മത്സരിക്കുമെന്ന് ഉവൈസി
|ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. 1991 മുതൽ ബിജെപിയാണ് ഗുജറാത്തിൽ ഭരണം നടത്തുന്നത്.
കച്ച്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയും മത്സരിക്കുമെന്ന് ആൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. അഹമ്മദാബാദിലെയും സൂറത്തിലെയും മുൻസിപ്പൽ തെരഞ്ഞെടുപ്പ് മുതൽ ഇതിനായി തയ്യാറെടുപ്പ് ആരംഭിച്ചിരുന്നതായും ഉവൈസി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
''ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ മുഴുവൻ ശക്തിയും ഉപയോഗിച്ച് പോരാടും. എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ സാബിർ കാബ്ളിവാല ഇക്കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കും''-ഗുജറാത്തിലെ ഭുജിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഉവൈസി പറഞ്ഞു.
അതേസമയം ഗുജറാത്തിൽ വിജയപ്രതീക്ഷയിലാണ് ആം ആദ്മിയും. 2021 ഫെബ്രുവരിയിൽ സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 93 സീറ്റും, ആം ആദ്മിക്ക് 27സീറ്റും ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല.
ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. 1991 മുതൽ ബിജെപിയാണ് ഗുജറാത്തിൽ ഭരണം നടത്തുന്നത്. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് ബിജെപിക്ക് സഹായകരമാവുന്നത്. എന്നാൽ ഇത്തവണ ആം ആദ്മി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.