India
asadudheen owaisi
India

സർവേ നടത്താൻ ആർക്കാണ് ഇത്ര തിടുക്കം? മഥുര മസ്ജിദിലെ വിധിക്കെതിരെ ഉവൈസി

Web Desk
|
14 Dec 2023 11:34 AM GMT

'ഇരുവിഭാഗവും ഉഭയസമ്മതത്തോടെ പരിഹരിച്ച പ്രശ്‌നമാണ് മഥുരയിലേത്'

ഹൈദരാബാദ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ ആർക്കാണ് ഇത്ര തിടുക്കമെന്നും അദ്ദേഹം ചോദിച്ചു. സംഘ്പരിവാറിനെ ശക്തിപ്പെടുത്തുന്ന വിധിയാണിതെന്നും ഉവൈസി കുറ്റപ്പെടുത്തി. എക്‌സിലാണ് (നേരത്തെ ട്വിറ്റർ) ഉവൈസിയുടെ പ്രതികരണം. ഇരുവിഭാഗവും തമ്മിൽ 1968ൽ ഉണ്ടാക്കിയ കരാറിന്റെ പകർപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'ബാബരി മസ്ജിദ് വിധിക്കു ശേഷം മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ്. ഇത് സംഘ്പരിവർ ദുഷ്‌കൃത്യങ്ങൾക്ക് ശക്തിപകരുന്നതാണെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇത്തരം പരാതികളെ ഇല്ലാതാക്കുന്ന ആരാധനാലയ തൽസ്ഥിതി നിയമം രാജ്യത്ത് നിലവിലുള്ളപ്പോഴാണിത്.' - ഉവൈസി ചൂണ്ടിക്കാട്ടി.



ഇരുവിഭാഗവും ഉഭയസമ്മതത്തോടെ പരിഹരിച്ച പ്രശ്‌നമാണ് മഥുരയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മഥുരയിലെ തർക്കം ദശാബ്ദങ്ങൾക്ക് മുമ്പെ മസ്ജിദ് കമ്മിറ്റിയും ക്ഷേത്ര ട്രസ്റ്റും ഉഭയസമ്മതത്തോടെ തീർപ്പു കൽപ്പിച്ചതാണ്. ഈ തർക്കങ്ങൾക്കിടയിലാണ് പുതിയൊരു സംഘം ഉയർന്നുവരുന്നത്. കാശിയിലും മഥുരയിലും ലഖ്‌നൗവിലെ ടിലെ വാലി മസ്ജിദിലും ഇതേ ഗ്രൂപ്പാണുള്ളത്. ആരാധനാലയ നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. എന്നാൽ നിയമത്തെയും നിയമസംവിധാനത്തെയും കളിയാക്കുന്ന നിലപാടാണ് ഈ സംഘത്തിന്റേത്. വിഷയത്തിൽ ജനുവരി ഒമ്പതിന് സുപ്രിംകോടതി വാദം കേൾക്കാനിരിക്കുകയാണ്. പിന്നെ, ഇത്ര തിടുക്കപ്പെട്ട് സർവേ നടത്താനുള്ള വിധി എന്തിനാണ്' - അദ്ദേഹം ചോദിച്ചു. മുസ്‌ലിംകളുടെ അന്തസ്സ് കെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഷാഹി മസ്ജിദിലെ സർവേക്ക് അഭിഭാഷക കമ്മിഷനെ നിയമിച്ച് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മായങ്ക് അഗർവാളാണ് ഉത്തരവിറക്കിയത്. മൂന്നംഗ കമ്മിഷനെയാണ് നിയോഗിച്ചിട്ടുള്ളത്. 2020 സെപ്തംബർ 25നാണ് ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ലഖ്‌നൗ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറു പേരും സർവേ ആവശ്യപ്പെട്ട് ഹരജി നൽകിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്ര കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ നിർദേശ പ്രകാരം മസ്ജിദ് നിർമിച്ചത് എന്നാണ് ഹർജിക്കാർ അവകാശപ്പെടുന്നത്. പള്ളി പൊളിച്ചു മാറ്റി 13.37 ഏക്കർ സ്ഥലം ക്ഷേത്രത്തിന് കൈമാറണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Similar Posts