'നാറ്റിക്കരുത്, ഒരു കൈയബദ്ധം'; രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് അവതരിപ്പിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്
|മുഖ്യമന്ത്രി വായിക്കുന്നത് പഴയ ബജറ്റാണെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം ബഹളംവെച്ചത് നിയമസഭയെ അരമണിക്കൂറോളം സ്തംഭിപ്പിച്ചു
ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അവതരിപ്പിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്. എട്ട് മിനിറ്റിന് ശേഷമാണ് ബജറ്റ് മാറിപ്പോയതാണെന്ന് മനസ്സിലായത്. മുഖ്യമന്ത്രി വായിക്കുന്നത് പഴയ ബജറ്റാണെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം ബഹളംവെച്ചത് നിയമസഭയെ അരമണിക്കൂറോളം സ്തംഭിപ്പിച്ചു.
ക്രമസമാധാനം പാലിക്കാൻ സ്പീക്കർ സി.പി ജോഷി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും ബഹളം തുടരുകയായിരുന്നു. ബിജെപി എംഎൽഎമാർ നിയമസഭയ്ക്കുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജസ്ഥാൻ സർക്കാരിന്റെ അവസാന ബജറ്റായതിനാൽ തന്നെ എല്ലാ കണ്ണുകളും ഗെഹ്‌ലോട്ടിനെ ഉറ്റു നോക്കുകയായിരുന്നു. അതിനിടെയാണ് ഗെഹ്‌ലോട്ടിന് അമളി പറ്റിയത്.
ഈ സമയം കോൺഗ്രസ് അംഗങ്ങൾ പുതിയ ബജറ്റ് തേടി പോവുകയും ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകുകയുമായിരുന്നു. പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് നിലപാടെടുത്ത പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. ഈ ബജറ്റ് അവതരിപ്പിക്കാനാകില്ല. മുഖ്യമന്ത്രിയാണ് ബജറ്റ് കൊണ്ടുവരേണ്ടത്. ബജറ്റ് ചോർന്നോയെന്ന് ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് ഗട്ടാരിയ സഭയിൽ ചോദിച്ചു.
അശോക് ഗെഹ്‌ലോട്ടിന്റെ അബദ്ധം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. ''ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ പഴയത് വായിക്കാൻ തുടങ്ങി. ചീഫ് വിപ്പ് ബജറ്റ് വായന നിർത്താൻ ആവശ്യപ്പെട്ടു. ലജ്ജാകരമാണ്''- ബിജെപി ഐടി സെല്ലിന്റെ ദേശീയ തലവൻ അമിത് മാളവ്യ, ഗെഹ്ലോട്ട് സർക്കാരിനെ വിമർശിച്ച് ട്വിറ്ററിൽ കുറിച്ചു. ഭരണകാര്യങ്ങളിൽ കോൺഗ്രസ് എത്രമാത്രം നിരുത്തരവാദപരാമായാണ് ഇടപെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എട്ട് മിനിറ്റോളം മുഖ്യമന്ത്രി പഴയ ബജറ്റ് വായിച്ചു, ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ, ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഞാൻ ആവർത്തിച്ച് പരിശോധിക്കുകയും വായിക്കുകയും ചെയ്യുമായിരുന്നു. പഴയ ബജറ്റ് വായിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ കയ്യിൽ സംസ്ഥാനം എത്രത്തോളം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ''- മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ പറഞ്ഞു.
ആദ്യമായാണ് സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ കോളേജുകളിലും ബജറ്റ് തത്സമയം കാണിക്കുന്നത്. ബജറ്റ് തത്സമയം കാണിക്കണമെന്ന് കോളേജ് വിദ്യാഭ്യാസ കമ്മീഷണറേറ്റ് ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു. പരമാവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്ഥാപനമേധാവികൾക്കും കാണാൻ കഴിയുന്ന തരത്തിൽ ഓഡിറ്റോറിയങ്ങളിലും മീറ്റിംഗ് ഹാളുകളിലും ബജറ്റ് പ്രസംഗത്തിന്റെ തത്സമയ സംപ്രേക്ഷണം കാണിക്കണമെന്നും നിർദേശമുണ്ടായിരുന്നു.