ജാതി സെന്‍സസ്,കർഷകർക്ക് രണ്ട് ലക്ഷത്തിന്‍റെ പലിശരഹിത വായ്പ, 500 രൂപക്ക് പാചകവാതകം; രാജസ്ഥാനില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്
|പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു
ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. കർഷകർക്ക് രണ്ട് ലക്ഷം രൂപയുടെ പലിശരഹിത വായ്പകൾ നൽകുമെന്നും സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം താങ്ങുവില നൽകുമെന്നും പത്രികയിൽ വാഗ്ദാനമുണ്ട്. 500 രൂപയ്ക്ക് എല്‍പിജി സിലണ്ടർ നൽകും. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.
പാര്‍ട്ടി ഓഫീസില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജസ്ഥാന്റെ പാർട്ടി ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംസ്ഥാന പാർട്ടി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര, പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ സിപി ജോഷി, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവർ ചേര്‍ന്ന് പ്രകടന പത്രിക പുറത്തിറക്കി. അധികാരത്തിൽ വീണ്ടുമെത്തിയാല്‍ പഞ്ചായത്ത് തലത്തിൽ നിയമനത്തിനുള്ള പദ്ധതിയും ജാതി സെൻസസ്സും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. "രാജസ്ഥാന്റെ സാമ്പത്തിക സ്ഥിതി ഞങ്ങൾ കൈകാര്യം ചെയ്ത രീതി... ജനങ്ങൾക്ക് അതിൽ അഭിമാനം തോന്നും.പ്രതിശീർഷ വരുമാനം രാജസ്ഥാനിൽ 46.48 ശതമാനം വർധിച്ചു.2030 വരെ ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനം നേടുകയെന്നത് ഞങ്ങളുടെ സ്വപ്നമാണ്.2020–21ൽ സംസ്ഥാന ജിഡിപി 19.50ൽ എത്തി, ഇത് ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്'' രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
"ഞങ്ങൾ നൽകുന്ന വാഗ്ദാനങ്ങൾ ഞങ്ങൾ നിറവേറ്റുന്നു. ഏതെങ്കിലും പാർട്ടി പ്രകടനപത്രികയിൽ പറഞ്ഞതിന്റെ 90 ശതമാനവും ചെയ്യുന്നുവെങ്കിൽ, ഇത് രാജസ്ഥാന്റെയും കോൺഗ്രസ് പാർട്ടിയുടെയും വലിയ നേട്ടമാണ്." ഖാര്‍ഗെ പറഞ്ഞു. നവംബര്‍ 25നാണ് രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍.