സച്ചിന്‍ പൈലറ്റ് ചതിയന്‍, കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പിയില്‍ നിന്ന് പണം കൈപ്പറ്റി: അശോക് ഗെഹ്‍ലോട്ട്
|19 എം.എൽ.എമാർക്കൊപ്പം കോൺഗ്രസിനെ തകർക്കാൻ സച്ചിൻ പൈലറ്റ് നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ തന്‍റെ പക്കലുണ്ടെന്നാണ് ഗെഹ്ലോട്ടിന്‍റെ അവകാശവാദം
സച്ചിൻ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2020ൽ കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പി ഓഫീസിലെത്തി സച്ചിൻ പൈലറ്റ് പണം വാങ്ങിയെന്നാണ് ആരോപണം. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും ഗെഹ്ലോട്ട് ആവർത്തിച്ചു.
രാഹുൽ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസ് നേതൃത്വത്തെ അശോക് ഗെഹ്ലോട്ട് വീണ്ടും വെട്ടിലാക്കിയത്. 19 എം.എൽ.എമാർക്കൊപ്പം കോൺഗ്രസിനെ തകർക്കാൻ സച്ചിൻ പൈലറ്റ് നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ തന്‍റെ പക്കലുണ്ടെന്നാണ് ഗെഹ്ലോട്ടിന്‍റെ അവകാശവാദം. അമിത് ഷാ, ധർമേന്ദ്ര പ്രധാൻ എന്നിവരും ഇതിന്‍റെ ഭാഗമാണ്. ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നിന്ന് കൈപ്പറ്റിയ തുകയിൽ നിന്ന് ചില എം.എൽ.എമാർക്ക് 10 കോടി വീതവും മറ്റ് ചിലർക്ക് 5 കോടി രൂപ വീതവും ലഭിച്ചിട്ടുണ്ട്. സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നതിൽ കോൺഗ്രസിനുള്ളിൽ പോലും എതിർപ്പുണ്ടെന്ന് അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടു.
സച്ചിന്‍ പൈലറ്റ് പാർട്ടിയെ വഞ്ചിച്ചു. അങ്ങനെയൊരാളെ പാര്‍ട്ടിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നാണ് ഗെഹ്‍ലോട്ടിന്‍റെ ചോദ്യം. ചെയ്ത തെറ്റുകൾക്ക് സച്ചിൻ പൈലറ്റ് പാർട്ടിയോടും ജനങ്ങളോടും മാപ്പ് പറയുകയാണ് വേണ്ടതെന്നും എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി പദം താൻ ഒഴിയുമെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച അശോക് ഗെഹ്ലോട്ട്, മുഖ്യമന്ത്രി പദം താൻ ഒഴിയില്ലെന്നും വ്യക്തമാക്കി.
രാജസ്ഥാനിലെ മുഖ്യമന്ത്രി പദവി അശോക് ഗെഹ്ലോട്ട് ഒഴിയണമെന്ന് ഒരു വിഭാഗം എം.എൽ.എമാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പര്യടനം നടത്താനിരിക്കുന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുത് എന്നായിരുന്നു സച്ചിൻ പൈലറ്റിന്‍റെ നിലപാട്.