'ബിജെപിയോട് ജനങ്ങൾ പ്രതികാരം ചെയ്യുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ..": രാജിക്കത്ത് നൽകി അശോക് ഗെലോട്ട്
|തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അശോക് ഗെലോട്ട് പറഞ്ഞു
ഡൽഹി: കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെ രാജിക്കത്ത് നൽകി രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഗവർണർ കൽരാജ് മിശ്രയ്ക്ക് രാജിക്കത്ത് കൈമാറി.
കോൺഗ്രസിന്റെ പരാജയം അംഗീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അശോക് ഗെലോട്ടിന്റെ രാജി സമർപ്പണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗെലോട്ട് സർക്കാർ ആരംഭിച്ചതും കോൺഗ്രസ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതുമായ ആകർഷകമായ സാമൂഹ്യക്ഷേമ പദ്ധതികളിൽ രാജസ്ഥാനിലെ ജനങ്ങൾ പാർട്ടിയെ പിന്തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ.
പദ്ധതികൾ വളരെ മികച്ചതായിരുന്നുവെന്ന് അശോക് ഗെലോട്ട് വാദിച്ചു. തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി ആക്രമണാത്മകവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചെന്നും ഹിന്ദു-മുസ്ലിം പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചെന്നും അശോക് ഗെലോട്ട് പറഞ്ഞു.
അതേസമയം, അശോക് ഗെലോലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ കോൺഗ്രസിന് തലവേദനയായിരുന്നു. എന്നാൽ വോട്ടെടുപ്പ് അടുത്തതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ തർക്കങ്ങൾ പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ ആഭ്യന്തര തമ്മിലടിയും കോൺഗ്രസിന് തിരിച്ചടിയേകി എന്നാണ് ഫലം വ്യക്തമാക്കുന്നത്.
11 കിഴക്കൻ ജില്ലകളിലെ 59 സീറ്റുകളിൽ 38 എണ്ണവും ബിജെപി നേടി. 2018നെ അപേക്ഷിച്ച് 20 സീറ്റുകളാണ് ഈ മേഖലയിൽ മാത്രം ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസിന് ഇത്തവണ 19 എണ്ണം മാത്രമാണ് നേടാനായത്. മാത്രമല്ല, പടിഞ്ഞാറൻ രാജസ്ഥാനിൽ കഴിഞ്ഞ തവണ കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന ജയ്സാൽമീർ, ബിക്കാനീർ, ബാർമർ തുടങ്ങിയ ജില്ലകളിലും ബിജെപിയുടെ വെന്നിക്കൊടി പാറി.
ടോങ്ക് അസംബ്ലി മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ജയിച്ചു. സംസ്ഥാനത്ത് 29,237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പൈലറ്റ് വിജയിച്ചത്. വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക് നീങ്ങുമ്പോൾ 115 സീറ്റുകളിൽ ബി.ജെ.പി മുന്നിലാണ്. 69 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്.