ഗെഹ്ലോട്ട് - സച്ചിൻ വാക്‌പ്പോര് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും; എ.ഐ.സി.സിക്ക് അതൃപ്തി
|സച്ചിനെ പാർട്ടിയിലെ കൊറോണയെന്നാണ് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്
ന്യൂഡൽഹി: രാജസ്ഥാനിലെ ഗെഹ്ലോട്ട് - സച്ചിൻ വാക്‌പ്പോരില്‍ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തി. പുതിയ വിവാദം നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 33 പേരെ കൂടി കോൺഗ്രസ് പുറത്താക്കി.
നേതാക്കൾ തമ്മിൽ വാക്ക് പോര് മുറുകുമ്പോൾ ദേശീയ നേതൃത്വം ഇടപ്പെട്ട് തണുപ്പിക്കും. ഒരു ഇടവേള കഴിയുമ്പോൾ വീണ്ടും നേതാക്കൾ പരസ്പരം പോരടിക്കും. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാണ് രാജസ്ഥാനിലെ അവസ്ഥ. ഏറ്റവും ഒടുവിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ വാക്ക് പോര്.
സച്ചിനെ പാർട്ടിയിലെ കൊറോണയെന്നാണ് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. രാജസ്ഥാനിലെ പ്രതിസന്ധി ഈ വർഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. നേതൃത്വം ഇടപെട്ട് നേതാക്കളുടെ പരസ്യ പ്രതികരണം ഉടൻ വിലക്കും. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുന്ന അച്ചടക്ക സമിതി 33 നേതാക്കളെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. സുരേന്ദ്രനഗർ ജില്ല അധ്യക്ഷൻ രായ റാത്തോഡ് അടക്കമുള്ളവരെയാണ് പുറത്താക്കിയത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യയും കോൺഗ്രസ് എംപിയുമായ പ്രണീത് കൗർ ബിജെപിയിൽ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരെ കണ്ട ശേഷമാകും ബിജെപിയിൽ ചേരുക. അമരീന്ദർ സിംഗ് നേരത്തെ കോൺഗ്രസ് ബി.ജെ.പിയിൽ ചേർന്നിരുന്നു.