‘എനിക്ക് വേണ്ടി ശബ്ദിച്ചതിന് നന്ദി, ഞാൻ സുഖമായിരിക്കുന്നു’; ഗോരക്ഷാ ഗുണ്ടകളുടെ അക്രമണത്തിന് ഇരയായ ഹാജി അഷ്‌റഫ് മുൻയാർ
|ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ് കൊല്ലുമെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും അവർ ഭീഷണിപ്പെടുത്തി ക്രൂരമായി മർദിച്ചു
മുംബൈ: ‘ദൈവത്തിന് നന്ദി,ഞാൻ സുഖമായിരിക്കുന്നു, എനിക്ക് വേണ്ടി ശബ്ദമുയർത്തി പിന്തുണ നൽകിയതിന് നന്ദി. ദയവായി തെറ്റൊന്നും ചെയ്യരുത്, നിങ്ങൾക്കും അനിഷ്ടകരമായതൊന്നും സംഭവിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ദൈവം എന്നെ സംരക്ഷിച്ചു’ പശു ഇറച്ചി ബാഗിലുണ്ടെന്നാരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ച 72 കാരനായ ഹാജി അഷ്‌റഫ് അലി സയ്യിദ് ഹുസൈന്റെ വാക്കുകളാണിത്.
ജൽഗാവോണിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് 72 കാരനായ ഹാജി അഷ്‌റഫ് അലി സയ്യിദ് ഹുസൈൻ എന്ന അഷ്‌റഫ് മുൻയാറിനെ പശു ഇറച്ചി കൊണ്ടുപോകുന്നുവെന്നാരോപിച്ച് ആൾക്കൂട്ടം ട്രെയിനിലിട്ട് ക്രൂരമായി മർദിച്ചത്. ആഗസ്റ്റ് 28 ന് നടന്ന സംഭവത്തിൻ്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇത് പുറംലോകം അറിയുന്നത്. ക്രൂരമായ അക്രമത്തിനാണ് താൻ ഇരയായതെന്ന് അഷ്റഫ് പറയുന്നു.
സംഭവത്തെ കുറിച്ച് അഷ്റഫ് പറയുന്നത്
ആഗസ്ത് 28 ന് രാവിലെ 8 നാണ് കല്യാണിലെ മകളുടെ വീട്ടിലേക്ക് പോകാനായി ജാൽഗോണിൽ നിന്ന് ധൂലെ സി.എസ്.ടി എക്സപ്രസിലെ ജനറൽ കമ്പാർട്ട്മെൻ്റിൽ കയറുന്നത്. യാത്ര തുടങ്ങിയപ്പോൾ 24 വയസ് പ്രായമുള്ള ഒരു യുവാവെത്തി തന്നോട് നീങ്ങി ഇരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. തനിക്ക് പോലും കഷ്ടിച്ച് ഇരിക്കാൻ സ്ഥലമില്ലായിരുന്നു. അത് പറഞ്ഞിട്ടും വീണ്ടും നീങ്ങി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘നീ എൻ്റെ മടിയിൽ ഇരിക്കാൻ പോവുകയാണോ’ എന്ന് ചോദിച്ചു. അതോടെ അവന്റെ സുഹൃത്തുക്കൾ എന്നെ ദേഷ്യത്തോടെ നോക്കിയെങ്കിലും പ്രശ്നങ്ങൾ അവിടെ താൽക്കാലികമായി അവസാനിച്ചു.
ഉച്ചക്ക് ഒരു മണിയായപ്പോൾ ഞാൻ ബാഗ് തുറന്നപ്പോൾ 2 ഭരണികളിലുള്ളത് എന്ത് മാംസമാണെന്ന് അവർ ചോദിച്ചു. പോത്തിന്റെതാണ് വ്യക്തമാക്കിയെങ്കിലും അവർ എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. പേടിച്ച് നിസ്സഹായനായ ഞാൻ പശു ഇറച്ചിയല്ലെന്ന് വിശദീകരിക്കാൻ ശ്രമിച്ചു. അത് കേൾക്കാൻ പോലും തയ്യാറാകാതെ അസഭ്യം പറഞ്ഞു. എന്നോട് എണീറ്റ് മാറാൻ പറയുകയും അടിക്കാൻ തുടങ്ങുകയും ചെയ്തു. അത് മൊബൈലിൽ അവർ തന്നെ ഷൂട്ട് ചെയ്യാനും തുടങ്ങി.
തൂവാല കൊണ്ട് മുഖം മറച്ച അവരിലൊരാൾ എന്നെ തല്ലാൻ തുടങ്ങി. എന്റെ മുന്നിൽ ഇരുന്ന യുവാവ് മുഖത്തും കണ്ണുകളിലും അടിക്കാൻ തുടങ്ങി. വയറ്റിൽ ചവിട്ടുകയും ചെയ്തു. അവർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ക്രൂരമായ അക്രമത്തിനാണ് താൻ ഇരയായത്. ബജ്റംഗദളിന്റെ ആൾക്കാരെ വിളിച്ചു തന്നെ കൊലപ്പെടുത്തുമെന്നും ആൾക്കൂട്ടം ഭീഷണിപ്പെടുത്തി. വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മൊബൈൽ ഫോണും കുർത്തയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 2800 രൂപയും അക്രമിസംഘം കൈക്കലാക്കി. അക്രമം സഹിക്കാനാകാതെ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഗുണ്ടകൾ അനുവദിച്ചില്ല. പൊലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസും പ്രതികൾക്കൊപ്പം
ട്രെയിനിറിങ്ങി അരമണിക്കൂറിനുള്ളിൽ അഷ്‌റഫ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ ഉടനെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതും പ്രതികളെ അറസ്റ്റ് ചെയ്തതും. മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ആൾക്കൂട്ട കൊലപാതകക്കേസുകളിൽ സുപ്രിം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം വർഗീയ- വിദ്വേഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു സൈബർ ഇൻഫർമേഷൻ പോർട്ടൽ രൂപീകരിക്കണമെന്നും തുടർന്ന് പൊലീസ് ഉടൻ നടപടിയെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിർദേശം. എന്നാൽ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
അറസ്റ്റിലായ പ്രതികളിലൊരാൾ സ്പെഷ്യൽ റിസർവ്ഡ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥന്റെ മകനായാ ആകാശ് അവ്ഹാദ് ആണ്. നിതേഷ് അഹിരേൻ, ജയേഷ് മൊഹിതെ എന്നിവരാണ് മറ്റു പ്രതികൾ. മുംബൈയിൽ പൊലീസ് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് വയോധികന് നേരെ ഇവർ അക്രമം അഴിച്ചുവിട്ടത്. എന്നിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ആൾക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ അതിനിടയിൽ അഷ്റഫ് ജീവനൊടുക്കിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ധൂലെയിലെ ജംഇയ്യത്തുൽ ഉലമ പ്രസ്താവന ഇറക്കി.