'ഡല്‍ഹിയിലേക്ക് പോകും മുന്‍പ് മുന്നറിയിപ്പ് ലഭിച്ചിരുന്നു': യാത്രയയപ്പ് ചടങ്ങില്‍ ചീഫ് ജസ്റ്റിസ് രമണ
|'ഞങ്ങൾ 224 ജഡ്ജിമാരെ ഹൈക്കോടതികളിൽ നിയമിച്ചു'
എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞെന്നാണ് കരുതുന്നതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഡൽഹിയിലേക്ക് പോകുകയാണ്, ധർണയും സമരവുമൊക്കെ അഭിമുഖീകരിക്കാന്‍ തയ്യാറാവണമെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എനിക്ക് സമരമോ ധർണയോ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഇതാണ് ഏറ്റവും വലിയ നേട്ടം. ഡല്‍ഹിയിലെ ആളുകൾ വളരെ സംസ്കാരമുള്ളവരും അറിവുള്ളവരും അതേസമയം ആക്രമണോത്സുകരുമാണെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചിരുന്നു. പക്ഷേ എല്ലാവരിൽ നിന്നും സ്നേഹവും വാത്സല്യവുമാണ് ലഭിച്ചത്"- ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
"സാധ്യമായ എല്ലാ വഴികളിലൂടെയും ഞാൻ ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള എന്റെ ചുമതലകൾ നിറവേറ്റി. അടിസ്ഥാന സൗകര്യവികസനവും ജഡ്ജിമാരുടെ നിയമനവും എന്ന രണ്ട് വിഷയങ്ങളാണ് ഞാന്‍ ഏറ്റെടുത്തത്. സുപ്രിംകോടതിയിലെയും കൊളീജിയത്തിലെയും എന്റെ സഹപ്രവര്‍ത്തകര്‍ പിന്തുണ നല്കി. ഞങ്ങൾ 224 ജഡ്ജിമാരെ ഹൈക്കോടതികളിൽ വിജയകരമായി നിയമിച്ചു"- ജസ്റ്റിസ് രമണ പറഞ്ഞു. ആറ് പേരാണ് സുപ്രിംകോടതിയിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്നത്. താൻ വിരമിക്കുകയാണെങ്കിലും ഡൽഹിയിൽ നിന്ന് അഞ്ച് പ്രതിനിധികളുണ്ട്. കുറച്ചു പേര് കൂടി ഉടൻ ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡൽഹി ഹൈക്കോടതി ജഡ്ജിമാരുടെ കഠിനാധ്വാനത്തെ ചീഫ് ജസ്റ്റിസ് രമണ പ്രശംസിച്ചു- "ജഡ്ജിമാർ രാത്രി 7-8 മണി വരെ ചേംബറിൽ കഠിനാധ്വാനം ചെയ്യുന്നു. അവർ രാവിലെ വരുന്നു, രാത്രി 8 മണി വരെ ജോലി ചെയ്യുന്നു. ഞാൻ അത്ഭുതപ്പെട്ടു. സാധാരണ, മറ്റ് സ്ഥലങ്ങളിൽ ജഡ്ജിമാർ 4 മണിക്ക് പോകും".
പ്രക്ഷുബ്ധമായ ദിവസങ്ങളിൽ ബാര്‍ അസോസിയേഷനിലെ ഓരോ അംഗവും നല്കിയ പിന്തുണ ചീഫ് ജസ്റ്റിസ് രമണ എടുത്തുപറഞ്ഞു.സുപ്രിംകോടതി ജഡ്ജിമാരായ കൗൾ, ഇന്ദിര ബാനർജി, സഞ്ജീവ് ഖന്ന, എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി എന്നിവരും ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജിമാരും ബാർ അസോസിയേഷന് അംഗങ്ങളും ഹൈക്കോടതിയിലെ ജഡ്ജിമാരും യാത്രയയപ്പില്‍ പങ്കെടുത്തു.