India
ഷൂട്ടര്‍ കൊണിക ലായക് ആത്മഹത്യ ചെയ്തു; 4 മാസത്തിനിടെ ജീവനൊടുക്കിയത് 4 ഷൂട്ടിങ് താരങ്ങള്‍
India

ഷൂട്ടര്‍ കൊണിക ലായക് ആത്മഹത്യ ചെയ്തു; 4 മാസത്തിനിടെ ജീവനൊടുക്കിയത് 4 ഷൂട്ടിങ് താരങ്ങള്‍

Web Desk
|
16 Dec 2021 1:17 PM GMT

കൊണികയുടെ അവസ്ഥയറിഞ്ഞ് ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിക്കുകയുണ്ടായി

ഇന്ത്യയുടെ ഷൂട്ടിങ് മേഖലയെ നൊമ്പരപ്പെടുത്തി വീണ്ടും ആത്മഹത്യ. ജാര്‍ഖണ്ഡില്‍ നിന്നുള്ള താരം കൊണിക ലായകാണ് ജീവനൊടുക്കിയത്. മറ്റൊരു ഷൂട്ടര്‍ ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയുമ്പോഴാണ് വീണ്ടും ആത്മഹത്യ. നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക.

26കാരിയായ കൊണികയെ കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഒളിമ്പ്യന്‍ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതോടെയാണ് കൊണിക വാര്‍ത്തകളില്‍ നിറഞ്ഞത്. റൈഫിള്‍ ഇല്ലാത്തതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലായിരുന്നു താരം. കൊണികയുടെ അവസ്ഥ അറിഞ്ഞ് സോനു സൂദ് റൈഫിള്‍ വാങ്ങിനല്‍കുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ 10 ദിവസമായി പരിശീലനത്തിന് കൊണിക കൃത്യമായി എത്തിയിരുന്നില്ലെന്ന് കോച്ച് പറഞ്ഞു- "ഞങ്ങളെ സംബന്ധിച്ച് ഇത് ഞെട്ടിക്കുന്ന കാര്യമാണ്. പൊതുവെ കൃത്യമായി പരിശീലനത്തിന് എത്താറുണ്ടായിരുന്നു കൊണിക. പക്ഷേ കുറച്ചുനാളായി പല കാരണങ്ങളാല്‍ പരിശീലനം മുടങ്ങി. ഉടന്‍ വിവാഹിതയാവാനിരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവള്‍ ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തത് എന്നറിയില്ല. ഞങ്ങളാകെ തകര്‍ന്നിരിക്കുകയാണ്".

കഴിഞ്ഞ നാല് മാസത്തിനിടയില്‍ കൊണിക ഉള്‍പ്പെടെ നാല് പേരാണ് ജീവനൊടുക്കിയത്. ഷൂട്ടിങ് താരങ്ങളായ ഖുഷ് സീറത് കൗറും ഹുനര്‍ദീപ് സിങ് സോഹലും നമന്‍വീര്‍ സിങ് ബ്രാറും ആത്മഹത്യ ചെയ്തു.

Similar Posts