India
അസമില്‍ തോരാതെ പെരുമഴ; കാസിരംഗ നാഷണല്‍ പാര്‍ക്കിലും വെള്ളം കയറി
India

അസമില്‍ തോരാതെ പെരുമഴ; കാസിരംഗ നാഷണല്‍ പാര്‍ക്കിലും വെള്ളം കയറി

Web Desk
|
1 Sep 2021 5:19 AM GMT

ചൊവ്വാഴ്ച 10 ദിവസം പ്രായമുള്ള കണ്ടാമൃഗ കുഞ്ഞിനെ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ രക്ഷപെടുത്തിയിരുന്നു

വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ നിന്നും കര കയറാനാവാതെ ഉഴലുകയാണ് അസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന നിലയ്ക്കാത്ത മഴ മൂലം പ്രളയ സമാനമാണ് സംസ്ഥാനത്തിന്‍റെ അവസ്ഥ. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകളെയാണ് മാറ്റിപാര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. റോഡുകളും സ്ഥാപനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അസമിലെ പ്രധാന വന്യമൃഗ സംരക്ഷണ കേന്ദ്രമായ കാസിരംഗ നാഷണല്‍ പാര്‍ക്കിലും വെള്ളം കയറി. ഇവിടെ നിന്നും മൃഗങ്ങളെ രക്ഷപെടുത്തുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.



ചൊവ്വാഴ്ച 10 ദിവസം പ്രായമുള്ള കണ്ടാമൃഗ കുഞ്ഞിനെ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ രക്ഷപെടുത്തിയിരുന്നു. പാര്‍ക്കിനുള്ളിലെ സെന്‍ട്രല്‍ റേഞ്ച് ഭാഗത്തു നിന്നാണ് കണ്ടാമൃഗത്തെ രക്ഷിച്ചത്. എന്നാല്‍ ഇതിന്‍റെ അമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശനായ കണ്ടാമൃഗക്കുഞ്ഞിനെ സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് കണ്‍സര്‍വേഷനിലേക്ക് അയച്ചതായി കാസിരംഗ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 9 വന്യമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. ഏഴ് ഹോഗ് ഡീറുകളും ഇതിലുള്‍പ്പെടും. പാർക്കിലൂടെ കടന്നുപോകുന്ന ദേശീയപാത-37 ൽ വാഹനമിടിച്ചാണ് അഞ്ച് ഹോഗ് ഡീറുകള്‍ ചത്തത്.

കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ വെള്ളപ്പൊക്കം വ്യാപക നാശം വിതച്ചിട്ടുണ്ട്. പാര്‍ക്കിലെ 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പാര്‍ക്കിലെ വിശാലമായ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അതേസമയം ജലനിരപ്പ് കുറയുന്നതു വരെ പാര്‍ക്കിലൂടെ കടന്നുപോകുന്ന എല്ലാ ഭാരവാഹനങ്ങളും വഴിതിരിച്ചുവിടാൻ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ നിർദ്ദേശിച്ചു.

Similar Posts