ഡൽഹി മന്ത്രിയുടെ അറസ്റ്റിന് പ്രത്യാക്രമണം; അസം മുഖ്യമന്ത്രിയുടെ 'പി.പി.ഇ കിറ്റ് കുംഭകോണം' പുറത്തുവിട്ട് എ.എ.പി നേതാക്കൾ
|സാമ്പത്തിക തട്ടിപ്പുകേസിൽ ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 2015-16 കാലഘട്ടത്തിൽ കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുള്ള ഹവാല ഇടപാടിൽ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്
ഗുവാഹത്തി: ഡൽഹി ആരോഗ്യ മന്ത്രിയുടെ അറസ്റ്റിന് തിരിച്ചടിച്ച് ആം ആദ്മി പാർട്ടി. അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാന്ത ബിശ്വ ശർമയ്‌ക്കെതിരെ വൻ അഴിമതിയാണ് എ.എ.പി പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്നാണ് ആരോപണം.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഹിമാന്തയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹിമാന്തയുടെ ഭാര്യ റിനികി ഭുയൻ ശർമയുടെ കമ്പനിക്കാണ് പി.പി.ഇ കിറ്റ് വാങ്ങാനുള്ള കരാർ നൽകിയതെന്നാണ് ആരോപണം. വിപണിവിലയെക്കാൾ ഉയർന്ന തുക നൽകിയാണ് കിറ്റുകൾ വാങ്ങിയതെന്നും സിസോദിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നേരത്തെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു മനീഷ് സിസോദിയയുടെ വാർത്താസമ്മേളനം.
സ്വന്തം ഭാര്യയുടെ കമ്പനിക്കാണ് ഹിമാന്ത ബിശ്വ ശർമ കരാർ നൽകിയത്. മറ്റൊരു കമ്പനിയിൽനിന്ന് എല്ലാവരും 600 രൂപ കൊടുത്ത് ഒരു കിറ്റ് വാങ്ങിയ സമയത്ത് ഒന്നിന് 990 രൂപ നൽകിയാണ് അസം സർക്കാർ പി.പി.ഇ കിറ്റുകൾ വാങ്ങിയത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഈ അഴിമതി തെളിയിക്കുന്ന കൃത്യമായ രേഖകൾ കൈവശമുണ്ട്-മനീഷ് സിസോദിയ വെളിപ്പെടുത്തി.
സ്വന്തം നേതാവിനെതിരെ നടപടിയെടുക്കാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അതോ കെട്ടിച്ചമച്ച കേസുകളുമായി തങ്ങളെ വേട്ടയാടൽ തുടരുമോയെന്നും അദ്ദേഹം തുടർന്നു. കഴിഞ്ഞ ദിവസം 'ദ വയർ' പോർട്ടൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ കാണിച്ചായിരുന്നു ആം ആദ്മി നേതാക്കളുടെ ആക്രമണം.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ അടിസ്ഥാനമാക്കിയായിരുന്നു 'ദ വയർ' റിപ്പോർട്ട്. 2020ൽ കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഹിമാന്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതും കുടുംബത്തിന്റെയും ഉടമസ്ഥതിയിലുള്ള മൂന്ന് കമ്പനികൾക്ക് പി.പി.ഇ കിറ്റ് അടക്കമുള്ള അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കരാർ നൽകുകയായിരുന്നു. ആ സമയത്ത് ഹിമാന്ത അസമിലെ ആരോഗ്യ മന്ത്രിയായിരുന്നു.
ആരോപണങ്ങൾ ഹിമാന്ത ബിശ്വ ശർമ നിഷേധിച്ചിട്ടുണ്ട്. മനീഷ് സിസോദിയയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഹിമാന്ത പ്രതികരിച്ചു.
സാമ്പത്തിക തട്ടിപ്പുകേസിൽ ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 2015-16 കാലഘട്ടത്തിൽ കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുള്ള ഹവാല ഇടപാടിൽ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. ആം ആദ്മി പാർട്ടിയും കേന്ദ്ര സർക്കാരും തമ്മിലുള്ള പുതിയ പോരിലേക്ക് അറസ്റ്റ് വഴിവച്ചിരിക്കുകയാണ്.
Summary: Assam Chief Minister Himanta Biswa Sarma awarded a contract for Covid PPE kits to a company linked to his wife and grossly overpaid for the gear, Delhi Deputy Chief Minister Manish Sisodia alleges