അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനി കേന്ദ്രത്തിൽ നിന്ന് അനധികൃതമായി 10 കോടി സബ്സിഡി തട്ടി; ആരോപണവുമായി കോൺഗ്രസ്
|10 കോടി രൂപ ലഭിച്ചെന്ന കാര്യം കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ടെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയുടെ കമ്പനി കേന്ദ്ര സർക്കാരിൽ നിന്ന് അനധികൃതമായി 10 കോടി സബ്സിഡി തട്ടിയെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമയുടെ സ്ഥാപനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് അനധികൃതമായി ക്രെഡിറ്റ്- ലിങ്ക്ഡ് സബ്‌സിഡി ലഭിച്ചെന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 10 കോടി രൂപ ലഭിച്ചെന്ന കാര്യം കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ടെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.
എന്നാൽ ആരോപണം നിഷേധിച്ച ഹിമന്ത ബിശ്വ ശർമ, തന്റെ ഭാര്യക്കോ അവർ ബന്ധപ്പെട്ടിരിക്കുന്ന കമ്പനിക്കോ കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക സബ്‌സിഡികൾ ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ, റിനികി ഭൂയാൻ ശർമയുടെ പേരും അവരുടെ കമ്പനിയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വ്യക്തമായി കാണിക്കുന്നുണ്ടെന്ന് ഗൊഗോയ് തിരിച്ചടിച്ചു. 10 കോടി രൂപ സബ്‌സിഡി ലഭിച്ച കമ്പനികളുടെയും പ്രൊമോട്ടർമാരുടെയും പട്ടിക കാണിക്കുന്ന ഒരു ലിങ്കും കോൺഗ്രസ് നേതാവ് തന്റെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു.
ഇതോടെ, തന്റെ ഭാര്യയും അവർ ബന്ധപ്പെട്ട കമ്പനിയും കേന്ദ്രത്തിൽ നിന്ന് ഒരു സബ്‌സിഡിയും എടുത്തിട്ടില്ലെന്ന് പൂർണ ഉത്തരവാദിത്തത്തോടെ വീണ്ടും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്ന് മുഖ്യമന്ത്രി വീണ്ടും 'എക്‌സിൽ' പോസ്റ്റ് ചെയ്തു. എന്നാൽ, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ രേഖയെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഭാര്യക്ക് 10 കോടി സബ്സിഡി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ക്രോസ് കറന്റ് എന്ന വെബ്‌സൈറ്റിൽ ഞായറാഴ്ച വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഗോഗോയിയുടെ ആരോപണം. തന്റെ ഭാര്യയുടെ കമ്പനിയായ 'പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ്' ശർമ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒമ്പത് മാസത്തിന് ശേഷം 2022 ഫെബ്രുവരിയിൽ കാലിയബോർ മൗസയിൽ ഏകദേശം 10 ഏക്കർ കൃഷിഭൂമി വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
മാസങ്ങൾക്കുള്ളിൽ കൃഷിഭൂമി വ്യാവസായിക ഭൂമിയാക്കി മാറ്റിയെന്നും ഭക്ഷ്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ 'പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ്' പ്രധാനമന്ത്രി കിസാൻ സമ്പദ് യോജനയ്ക്ക് കീഴിൽ സബ്‌സിഡിക്ക് അപേക്ഷിച്ചെന്നും അതനുസരിച്ച് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം കഴിഞ്ഞ വർഷം നവംബർ 10ന് 10 കോടി രൂപ അനുവദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൊഗോയ് പങ്കുവച്ച പട്ടികയിൽ 10ാമതായാണ് ശർമയുടെ ഭാര്യയുടെ കമ്പനിയുടെ പേരുള്ളത്.
അതേസമയം, പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്‌ടറായി ശർമയുടെ ഭാര്യയെ കാണിക്കുന്ന വിക്കിമീഡിയ സംഗ്രഹത്തിന്റെയും കേന്ദ്രം പണം അനുവദിച്ചവരുടെ പട്ടികയിലെ പേരിന്റേയും സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ച കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേഡ, 'ഹിമന്തബിശ്വ... നിങ്ങൾ ഇനിയും ആരോപണ നിഷേധിക്കുമോ?' എന്ന് ചോദിച്ചു.
ഇതിനും മറുപടിയുമായി ശർമ രംഗത്തെത്തി. 'എന്റെ ഭാര്യയ്ക്കും അവർ ബന്ധപ്പെട്ടിരിക്കുന്ന കമ്പനിയായ പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിനും കേന്ദ്രത്തിൽ നിന്ന് സബ്‌സിഡികൾ ലഭിച്ചെന്ന ആരോപണം ഞാൻ പൂർണമായും നിഷേധിക്കുകയും ആവർത്തിക്കുകയും ചെയ്യുന്നു'- ശർമ ട്വീറ്റ് ചെയ്തു. 'അങ്ങനെയെങ്കിൽ, കേന്ദ്ര ഭക്ഷ്യ- സംസ്കരണ മന്ത്രിയെ അറസ്റ്റ് ചെയ്യാൻ നിങ്ങൾ അസം പൊലീസിനെ അയക്കുമോ?' എന്നായിരുന്നു ഇതിനോടുള്ള പവൻ ഖേഡയുടെ മറുപടി.
നേരത്തെ, റിനികി ഭൂയാൻ ശർമയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ വഴിവിട്ട് മെഡിക്കൽ സാമഗ്രികൾ വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ സർക്കാരിൽ ഹിമന്ത ആരോഗ്യമന്ത്രിയായിരിക്കെ റിനികിയുടെ വക ജെസിബി ഇൻഡസ്‌ട്രീസിന് 5,000 പിപിഇ കിറ്റിനുള്ള കരാർ നൽകിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ സാനിറ്ററി നാപ്‌കിൻ മാത്രം നിർമിക്കുന്ന സ്ഥാപനമാണിത്. കിറ്റ് വാങ്ങാൻ 2020 മാർച്ച് 18ന് അടിയന്തരമായി ഉത്തരവിറക്കി ഈ സ്ഥാപനത്തിന് കരാർ നൽകുകയാണ് ചെയ്‌തതെന്ന് വിവരാവകാശരേഖകൾ ഉദ്ധരിച്ച് ‘ദി വയർ’ ആണ് റിപ്പോർട്ട് ചെയ്‌തത്.