അസം സ്ഥലപ്പേരുകൾ മാറ്റുന്നു ; ജനങ്ങളിൽ നിന്ന് നിർദേശം ക്ഷണിച്ച് മുഖ്യമന്ത്രി
|രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്ഥലപ്പേര് മാറ്റാൻ ജനങ്ങൾക്ക് അവസരം നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജനങ്ങൾക്ക് ഇ പോർട്ടൽ വഴി പേരുനിർദേശിക്കാമെന്നും ഉടൻ പോർട്ടൽ സജ്ജമാകുമെന്നും ബി.ജെ.പി മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്തിന്റെസംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്ന് അദ്ദേഹം വ്യക്തമാക്കി.
THERE'S MUCH IN A NAME
— Himanta Biswa Sarma (@himantabiswa) February 16, 2022
Name of a city, town or village should represent its culture, tradition & civilisation.
We shall launch a portal to invite suggestions on change of names across Assam which are contrary to our civilisation, culture & derogatory to any caste or community.
ഗുവാഹത്തിയിലെ രണ്ടാമത്തെ മെഡിക്കൽ കോളജിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ചില സ്ഥലപ്പേരുകൾ ആളുകൾക്ക് താൽപര്യമില്ല. കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാൾ സുൽത്താനേറ്റിലെ ഒരു മുസ്‍ലിം ജനറലിന്റെ പേരിലാണ് ഗുവാഹത്തിയിലെ കലാഫർ അറിയപ്പെടുന്നതെന്നും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.അതിനാൽ ഈ പേര് നീക്കം ചെയ്യണമെന്നും ജനങ്ങളുമായി കൂടിയാലോചിച്ച് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ പ്രാദേശിക എം.എൽ.എയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലേറ്റതിന് ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, കായിക സമുച്ചയങ്ങൾ തുടങ്ങി നിരവധി ഇടങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ട്.ഇതിന്റെ തുടർച്ചയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ അസമിലും നടക്കുന്നത്.