രാഹുലും പ്രിയങ്കയും അമുല്‍ ബേബികള്‍; അധിക്ഷേപ പരാമർശവുമായി അസം മുഖ്യമന്ത്രി
|ഗാന്ധി കുടുംബത്തെ കണ്ടിട്ട് എന്ത് പ്രയോജനം, അവർ അമുലിന്റെ പരസ്യത്തിന് അനുയോജ്യരാണെന്ന് തോന്നുന്നു
ദിസ്പൂര്‍: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. രാഹുലും പ്രിയങ്കയും അമുൽ ബേബികളാണെന്നും അമുൽ ബേബികളെ കാണാൻ ആളുകൾ എന്തിന് പോകുന്നുവെന്നും ഹിമന്ത ചോദിച്ചു.
"ഗാന്ധി കുടുംബത്തെ കണ്ടിട്ട് എന്ത് പ്രയോജനം, അവർ അമുലിന്റെ പരസ്യത്തിന് അനുയോജ്യരാണെന്ന് തോന്നുന്നു, അവര്‍ അമുല്‍ ബേബികളാണ്.കാസിരംഗയിലെ കണ്ടാമൃഗങ്ങളെ കാണുന്നത് അമുൽ ബേബികളെ കാണുന്നതിനെക്കാള്‍ ഗുണം ചെയ്യും'' ശര്‍മയുടെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോൺഗ്രസ് നേതാവിൻ്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നതിനു പകരം കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിക്കുന്നത് കൂടുതൽ പ്രയോജനകരമാകുമെന്നും അസം മുഖ്യമന്ത്രി പരിഹസിച്ചു.“ഏകദേശം 2,000-3,000 ആളുകൾ പ്രിയങ്കയുടെ റോഡ് ഷോയില്‍ ഒത്തുകൂടിയെന്ന് കേട്ടു. പ്രിയങ്ക ഗാന്ധിയെ കാണാൻ ആരൊക്കെ വരും? ആളുകൾ കാസിരംഗ സന്ദർശിക്കുകയും കടുവകളെയും കാണ്ടാമൃഗങ്ങളെയും കാണുകയും അവിടെ ചെലവഴിക്കുന്ന സമയം കൂടുതൽ ഉപയോഗപ്രദമാകുകയും ചെയ്യും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോർഹട്ട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗൗരവ് ഗൊഗോയിയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി രണ്ട് കിലോമീറ്റർ റോഡ് ഷോ നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ശർമ്മയുടെ പരാമർശം.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്‍ഡ്യ മുന്നണി വിജയിച്ചാൽ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ ദിവസ വേതനം വർധിപ്പിക്കുമെന്ന് പ്രിയങ്ക യോഗത്തില്‍ പറഞ്ഞിരുന്നു. കാലിയബോർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് കോൺഗ്രസ് എംപിയാണ് ഗൊഗോയ്.ഇത്തവണ ജോര്‍ഹട്ടില്‍ നിന്നാണ് ഗൊഗോയി ജനവിധി തേടുന്നത്. ബി.ജെ.പിയിൽ നിന്നുള്ള സിറ്റിംഗ് എംപി ടോപോൺ കുമാർ ഗൊഗോയിയാണ് ഗൗരവ് ഗൊഗോയിയുടെ എതിരാളി.
असम के लोग गांधी परिवार के “Amul Babies” को देखने क्यों आयेंगे?
— Himanta Biswa Sarma (Modi Ka Parivar) (@himantabiswa) April 16, 2024
इससे अच्छा वह जंगल में घूमें और वहाँ विभिन्न जानवरों को देख कर आनंद उठायें। pic.twitter.com/bnL8uqjHjJ