രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത് ചൈനീസ് ഭരണഘടനയെന്ന് അസം മുഖ്യമന്ത്രി; വസ്തുതയെന്ത്?
|ഹിമന്ത് ശർമയുടെ ആരോപണം ബി.ജെ.പി പ്രവർത്തകർ ഏറ്റെടുത്തിരുന്നു
കഴിഞ്ഞദിവസമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ശർമയുടെ ഒരു ട്വീറ്റ് വരുന്നത്. രാഹുൽ ഗാന്ധി ചുവന്ന പുസ്തകവും പിടിച്ചുകൊണ്ടുള്ള ചിത്രമാണ് ട്വീറ്റിലുണ്ടായിരുന്നത്. ഈ പുസ്തകം ചൈനീസ് ഭരണഘടനയാണെന്നായിരുന്നു ഹിമന്ത ശർമയുടെ ആരോപണം.
‘ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിന്റെ പുറംചട്ട നീല നിറത്തിലാണ്. യഥാർത്ഥ ചൈനീസ് ഭരണഘടനയ്ക്ക് ചുവന്ന നിറമാണുള്ളത്. രാഹുൽ ചൈനയുടെ ഭരണഘടനയാണോ കയ്യിലേന്തിയിരിക്കുന്നത്. നമുക്കത് ഉറപ്പുവരുത്തേണ്ടതുണ്ട്’ -ഹിമന്ത ശർമ ‘എക്സി’ൽ കുറിച്ചു. നിരവധി ബി.ജെ.പി പ്രവർത്തകരാണ് ഈ ട്വീറ്റ് ഏറ്റെടുത്തത്. ബി.ജെ.പി ഉത്തർപ്രദേശ് സോഷ്യൽ മീഡിയ കോ-കൺവീനറായ ഹർഷ് ചതുർവേദി ഉൾപ്പെടെയുള്ളവർ അസം മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തുവന്നു. എന്നാൽ, അത് ഇന്ത്യൻ ഭരണഘടന തന്നെയാണെന്ന് പലരും മറുപടി നൽകിയെങ്കിലും വീണ്ടും പുതിയ ട്വീറ്റുമായി ഹിമന്ത ശർമ രംഗത്തെത്തി.
‘തൻ്റെ യോഗങ്ങളിൽ പങ്കെടുക്കുന്ന ജനങ്ങൾക്ക് മുന്നിൽ ചുവന്ന ചൈനീസ് ഭരണഘടനയാണ് രാഹുൽ പ്രദർശിപ്പിക്കുന്നത്. നമ്മുടെ ഭരണഘടന നീല നിറത്തിലാണ്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ട്. ഇതിനെതിരെയാണ് രാഹുൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ കയ്യിലുള്ള ഭരണഘടന ചൈനയുടെതാണെന്ന് തനിക്ക് ഉറപ്പുണ്ട്’ -ഹിമന്ത ശർമ ‘എക്സി’ൽ കുറിച്ചു.
എന്നാൽ, അസം മുഖ്യമന്ത്രിയുടെ വാദം തീർത്തും തെറ്റാണെന്ന് ആൾട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്കിങ്ങിൽ വ്യക്തമായി. തെലങ്കാനയിലെ നാഗർകുർണൂലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുൽ ചുവന്ന നിറത്തിലുള്ള ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് കയ്യിലേന്തിയത്. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാൻ ഇൻഡ്യാ മുന്നണി മുന്നിലുണ്ടാകുമെന്ന് അദ്ദേഹം ഭരണഘടന ഉയർത്തിക്കാട്ടി ജനങ്ങൾക്ക് ഉറപ്പുനൽകി. ഈ പ്രസംഗത്തിന്റെ വീഡിയോ വിവിധ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. പുസ്തകത്തിന്റെ കവറിൽ ‘ഇന്ത്യൻ ഭരണഘടന’ എന്ന് വ്യക്തമായി എഴുതിയിരിക്കുന്നത് ഈ വീഡിയോയിൽ കാണാം.
ഈസ്റ്റേൺ ബുക്ക് കമ്പനി പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭരണഘടനയുടെ ‘കോട്ട് പോക്കറ്റ്’ പതിപ്പാണ് രാഹുലിന്റെ കൈവശമുള്ളത്. ഈ പതിപ്പിൻ്റെ ചിത്രങ്ങൾ പ്രസാധകരുടെ ഔദ്യോഗിക ‘എക്സ്’ പേജിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ ഈ പതിപ്പ് നിരവധി ബി.ജെ.പി നേതാക്കളുടെ കൈവശവുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കയ്യിലടക്കം ഈ പതിപ്പുള്ളതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. കൂടാതെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ കൈവശവും ഭരണഘടനയുടെ ഈ പതിപ്പുള്ളതിന്റെ ചിത്രങ്ങൾ കാണാൻ സാധിക്കും.
ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിൻ്റെ പുറംചട്ട നീലയാണ്. അതേസമയം, ഭരണഘടനയുടെ വ്യത്യസ്ത പതിപ്പുകൾ വിവിധ കവർ ഡിസൈനുകളോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. അതിനാൽ തന്നെ ഹിമന്ത് ശർമയുടെ വാദം തികച്ചും തെറ്റാണെന്നും ആൾട്ട് ന്യൂസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാലത് അവരുടെ സ്വപ്നം മാത്രമാണെന്നും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞിരുന്നു. ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണ്. ആർക്കും അതിനെ തൊടാൻ കഴിയില്ല. അത് മാറ്റാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ല. ബി.ജെ.പിക്കാർ സ്വപ്നം കാണുകയാണെന്നും ഭരണഘടന കയ്യിലേന്തി രാഹുൽ ഗാന്ധി പറഞ്ഞു.
ബാബാസാഹേബ് അംബേദ്കറും കോൺഗ്രസും ജനങ്ങളും ചേർന്ന് ബ്രിട്ടീഷുകാരോട് പോരാടി ഈ ഭരണഘടന തയാറാക്കി. ഇത് ജനങ്ങളുടെ ശബ്ദമാണ്. ഇത് ഒരിക്കലും ഇല്ലാതാക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർഷകരും തൊഴിലാളികളും അതിന് സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.