ട്രാഫിക് നിയമം തെറ്റിച്ച യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു, ഭീഷണി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
|നിന്നെ ഞാൻ കൊല്ലുമെന്നൊക്കെ ഭാർഗവ് യുവാവിനോട് ആക്രോശിക്കുന്നതായി വീഡിയോയിൽ കാണാം
ഗുവാഹത്തി: ട്രാഫിക് നിയമം തെറ്റിച്ചതിന് ഡെലിവറി ഏജന്റായ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പാൻബസാർ പൊലീസ് സ്റ്റേഷൻ ഓഫീസ് ഇൻ ചാർജ് ഭാർഗവ് ബോർബോറയെ ആണ് സസ്‌പെൻഡ് ചെയ്തത്.
ഫാൻസി ബസാറിലുള്ള ജയിൽ റോഡ് ട്രാഫിക് പോയിന്റിൽ വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ ആയിരുന്നു സംഭവം. നോ എൻട്രി സോണിലേക്ക് സ്‌കൂട്ടറുമായി പ്രവേശിച്ച ഡെലിവെറി ഏജന്റ് പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. ഇതോടെ പൊലീസ് പുറകെ ചെന്ന് ഇയാളെ പിടികൂടി. തുടർന്ന് പ്രകോപിതനായ ഭാർഗവ് യുവാവിനെ കോളറിന് പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും സമീപത്തെ ഒരു തട്ടുകടയിലേക്ക് ചേർത്തുനിർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
നീയാരാണെന്നാണ് വിചാരമെന്നും നിന്നെ ഞാൻ കൊല്ലുമെന്നുമൊക്കെ ഇയാൾ യുവാവിനോട് പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഭാർഗവ് യുവാവിന്റെ മുഖത്ത് തുടരെ അടിക്കുന്നുമുണ്ട്. ഓടിക്കൂടിയ ആളുകളിൽ ചിലർ ഭാർഗവിനെ തടഞ്ഞെങ്കിലും ഇയാൾ മർദനം തുടർന്നു. വീഡിയോ പകർത്തിയ ആളുകളോട് നിങ്ങൾ നിങ്ങളുടെ പണി എടുത്താൽ മതിയെന്നും ഭാർഗവ് ദേഷ്യപ്പെടുന്നുണ്ട്.
തുടർന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ഡിജിപിയുടെ ശ്രദ്ധയിൽപ്പെട്ടു. സംഭവം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിജിപി ജിപി സിങ് ഉടൻ തന്നെ സസ്‌പെൻഷന് ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ അന്വേഷണവും നടക്കുന്നുണ്ട്.