ജിഗ്നേഷ് മേവാനിയെ കാണാന്‍ പൊലീസ് സമ്മതിച്ചില്ല; കുത്തിയിരിപ്പ് സമരത്തിലൂടെ അനുമതി നേടി സി.പി.എം എം.എല്‍.എ
|മനോരഞ്ജന്‍ താലൂക്ദാര്‍ എം.എല്‍.എയ്ക്കും സി.പി.എം നേതാക്കള്‍ക്കും മേവാനിയെ കാണാന്‍ ആദ്യ ഘട്ടത്തില്‍ അസം പൊലീസ് അനുമതി നല്‍കിയിരുന്നില്ല
ഗുവാഹത്തി: അസം പൊലീസ് അറസ്റ്റ് ചെയ്ത ജിഗ്നേഷ് മേവാനി എം.എല്‍.എയെ സന്ദര്‍ശിക്കാനുള്ള അനുമതി, കുത്തിയിരിപ്പ് സമരത്തിലൂടെ നേടിയെടുത്ത് സി.പി.എം എം.എല്‍.എ. മനോരഞ്ജന്‍ താലൂക്ദാര്‍ എം.എല്‍.എയ്ക്കും സി.പി.എം നേതാക്കള്‍ക്കും മേവാനിയെ കാണാന്‍ ആദ്യ ഘട്ടത്തില്‍ അസം പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഇതോടെ മനോരഞ്ജന്‍ താലൂക്ദാറിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
"ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് പൂര്‍ണമായി നിയമവിരുദ്ധമാണ്. അദ്ദേഹം ഇപ്പോൾ കൊക്രജാറിൽ പൊലീസ് കസ്റ്റഡിയിലാണ്. എം.എൽ.എ മനോരഞ്ജൻ താലൂക്ദാറും സി.പി.എം സംസ്ഥാന നേതാക്കളായ സന്തോഷ് ഗുഹ്, അചിത് ദത്ത എന്നിവരും മേവാനിയെ കാണാൻ കൊക്രജാർ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ മേവാനിയെ കാണാന്‍ പൊലീസ് അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് നേതാക്കള്‍ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ മേവാനിയെ കാണാൻ അനുവദിക്കാൻ പൊലീസ് നിർബന്ധിതരായി. അസമിലെ ബി.ജെ.പി സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ നീക്കത്തെ സി.പി.എം അസം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു. മേവാനിയെ ഉടൻ മോചിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു"- അസമിലെ സി.പി.എം നേതൃത്വം വ്യക്തമാക്കി.
അസം പൊലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ മേവാനിയുടെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കുന്ന വിധം ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റെന്നാണ് പൊലീസിന്‍റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്- "ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ത്ഥിക്കണം" എന്നായിരുന്നു ട്വീറ്റ്.
ജിഗ്നേഷ് മേവാനിയെ അസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസമാണ് അനുവദിച്ചത്. അറസ്റ്റിനെ തുടർന്ന് കോൺഗ്രസ് ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അതേസമയം അറസ്റ്റിനെക്കുറിച്ച് വിചിത്രമായ പ്രതികരണമാണ് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ നടത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് ജിഗ്നേഷിനെ അറിയില്ലെന്നായിരുന്നു മറുപടി. താൻ രാഷ്ട്രീയവിരോധം തീർക്കുകയാണോ എന്ന ചോദ്യം തന്നെ അപ്രസക്തമെന്നും ഹിമന്ദ് ബിശ്വ ശർമ പറഞ്ഞു.