അസം വെള്ളപ്പൊക്കം; രക്ഷാപ്രവർത്തനത്തിന് കൂടുതൽ എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചു
|18 ട്രെയിനുകൾ റദ്ദാക്കി
ഗുവാഹത്തി: വെള്ളപ്പൊക്കം രൂക്ഷമായ അസമിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻഡിആർഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഗുവാഹത്തിയിലെ ഒന്നാം ബറ്റാലിയനിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെ കച്ചാർ ജില്ലയിലെ സിൽച്ചാറിലാണ് നിയോഗിച്ചിരിക്കുന്നത്. മേഖലയിൽ ഇതിനകം നിലയുറപ്പിച്ചിട്ടുള്ള എൻഡിആർഎഫ് സംഘത്തിന് പുറമെയാണ് അധിക സംഘത്തെ വിന്യസിച്ചത്.
ബരാക് താഴ്വരയിൽ രക്ഷാപ്രവർത്തനം വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് സേന പ്രസ്താവനയിൽ പറഞ്ഞു.ദോബോക, ഹോജായ് ജില്ലകളിലെ കന്ദുലിമാരി, ബലിറാം പഥർ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട 149 പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തിയതായും സേന വൃത്തങ്ങൾ പറഞ്ഞു.
റെമാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ബരാക് താഴ്വരയിൽ മാത്രം ഏഴ് പേർ മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഈ മേഖലയിൽ രണ്ടര ലക്ഷം പേരേ വെള്ളപ്പൊക്കം ബാധിച്ചെന്നും സംസ്ഥാനത്തുടനീളം 11 ജില്ലകളിലായി 3.5 ലക്ഷം പേർ അസുഖ ബാധിതരായെന്നും അധികൃതർ പറഞ്ഞു.
കച്ചാർ, കരിംഗഞ്ച്, ഹൈലകണ്ടി, ഹോജായ്, നാഗോൺ എന്നിവയുൾപ്പെടെ തെക്കൻ, മധ്യ അസം ജില്ലകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ലുംഡിങ് ഡിവിഷനു കീഴിലുള്ള ന്യൂ ഹാഗ്ലോങ്ങിനും ചന്ദ്രനാഥ്പൂരിനും ഇടയിൽ മഴയും മണ്ണിടിച്ചിലും മൂലം റെയിൽവേ പാളം തകർന്നതിനെ തുടർന്ന് ഗുവാഹത്തി, സിൽച്ചാർ, ത്രിപുര എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ ഗതാകതം തടസ്സപ്പെട്ടു. ഇവിടെ നിന്നും രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലേക്കുള്ള 18 ട്രെയിനുകൾ റദ്ദാക്കിയതായി എൻഎഫ്ആർ അറിയിച്ചു.
കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കച്ചാർ ജില്ലാ ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ആളുകളോട് വീടുകളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.