'വിപാസന' ധ്യാനം പഠിക്കാൻ അസമിൽ അധ്യാപകർക്ക് 12 ദിവസം പ്രത്യേക അവധി
|മനസ്സും ശരീരവും തമ്മിലുള്ള സംവേദനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രാചീന ധ്യാന രീതിയാണ് 'വിപാസന' എന്ന് അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു.
ഗുവാഹതി: 'വിപാസന' ധ്യാനം പഠിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക് 12 ദിവസം പ്രത്യേക അവധി അനുവദിക്കാൻ അസം സർക്കാർ തീരുമാനിച്ചു. മനസ്സും ശരീരവും തമ്മിലുള്ള സംവേദനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രാചീന ധ്യാന രീതിയാണ് 'വിപാസന' എന്ന് അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം സമഗ്രമായ വിദ്യാഭ്യാസ രീതിയാണ് മുന്നോട്ടുവെക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് വിദ്യാർഥികളുടെ മാനസികാരോഗ്യവും വളരെ പ്രധാനമാണ്. അതിനുള്ള വഴിയാണ് യോഗ. അധ്യാപകർ വിപാസന യോഗ അഭ്യസിച്ചാൽ വിദ്യാർഥികൾക്കും അതിന്റെ ഗുണം ലഭിക്കും. അതുകൊണ്ടാണ് അധ്യാപകർക്ക് 12 ദിവസം പ്രത്യേക അവധി അനുവദിക്കാൻ തീരുമാനിച്ചതെന്ന് റനോജ് പെഗു പറഞ്ഞു.
'വിപാസന' യോഗ പരിശീലിക്കുന്നതിലൂടെ ദേഷ്യം, അത്യാഗ്രഹം തുടങ്ങിയ നിഷേധാത്മക ഗുണങ്ങൾ ഇല്ലാതാക്കി മനസിനെ ശുദ്ധീകരിച്ച് പ്രബുദ്ധതയിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.