India
പുതിയ ഗോവധ നിരോധന ബില്‍ അവതരിപ്പിച്ച് അസം
India

പുതിയ ഗോവധ നിരോധന ബില്‍ അവതരിപ്പിച്ച് അസം

Web Desk
|
13 July 2021 6:40 AM GMT

കുറ്റകാര്‍ക്ക് മൂന്നു മുതൽ എട്ടു വർഷം വരെ തടവു ശിക്ഷയും മൂന്ന് മുതൽ അഞ്ചു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

പുതിയ കശാപ് നിരോധന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം മുഖ്യമന്ത്രി. ​ഹിന്ദു, ജൈന, സിഖ് വിഭാ​ഗക്കാരും ഇതര സസ്യഭോജികളും താമസിക്കുന്നിടങ്ങളിൽ മാംസ വിൽപന നിരോധിക്കുന്ന ബില്ലാണ് അവതരിപ്പിച്ചത്. ​ഗോവധ നിയമം നിലനിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇതാദ്യമായാണ് മേഖല തിരിച്ച് ​ഗോവധം നടപ്പിലാക്കാനുള്ള ബിൽ അസം നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

1950ലെ അസം ​ഗോസംരക്ഷണ നിയമം പരിഷ്കരിച്ചാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു, ജൈന, സിഖ് വിഭാ​ഗക്കാരും മാംസാഹാരികളല്ലാത്തവരും കൂടുതലായി കഴിയുന്ന പ്രദേശങ്ങളിലോ, ക്ഷേത്രങ്ങളുള്ള അഞ്ച് കിലോമീറ്റർ പരിധിയിലോ കശാപ്പും മാസം വിൽപനയും പാടില്ല. സർക്കാർ വെറ്റിനറി ഉദ്യോ​ഗസ്ഥരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റോടു കൂടിമാത്രമേ കശാപ്പുശാലകൾക്ക് അനുമതിയുണ്ടാകയുള്ളു. ‌

എന്നാൽ ​ഗോവധ നിരോധനത്തിൽ ഏതൊക്കെ കാലികളാണെന്നുള്ളത് ബില്ലില്‍ വ്യക്തമായി പറയുന്നില്ല. ​ഗോവധം നിലവിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പശു മാത്രമാണ് ഉൾപെടുന്നത്. അസം പഴയ ​ഗോവധ നിയമപ്രകാരം, പതിനാല് വയസിന് മുകളിൽ പ്രായാധിക്യമുള്ള കാലികളെ കശാപ്പു ചെയ്യാമെങ്കിൽ, പുതിയ ബില്ലിൽ പശുക്കളെ ഒരു തരത്തിലും അറുക്കാൻ അനുമതിയുണ്ടായിരിക്കില്ല. ​കശാപ്പുശാലകളിൽ പരിശോധന നടത്തുന്നതിന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ബിൽ കൂടുതൽ അധികാരം നൽകുന്നുണ്ട്.

ഗോവധ നിരോധനം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലേക്ക് കാലികളെ കൊണ്ടുപോകുന്നതിനും ലൈസൻസ് നിർബന്ധമായിരിക്കും. പിടിയിലാകുന്നവർക്ക് മൂന്നു മുതൽ എട്ടു വർഷം വരെ തടവു ശിക്ഷയും മൂന്ന് മുതൽ അഞ്ചു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

എന്നാൽ ബിൽ അവ്യക്തത നിറഞ്ഞതാണെന്ന് പറഞ്ഞ പ്രതിപക്ഷം, ഭേദ​ഗതികൾ വേണമെന്നും ആവശ്യപ്പെട്ടു. കാലികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നും മറിച്ച് മതവികാരം വൃണപ്പെടുത്തുന്നതും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഐ.ഐ.യു.ഡി.എഫ് ആരോപിച്ചു.

Similar Posts