യു.എ.പി.എ കരിനിയമത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് അഖിൽ ഗൊഗോയി
|ബി.ജെ.പി സര്ക്കാര് അസമിനെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റുമെന്നും അഖില് ഗൊഗോയി കുറ്റപ്പെടുത്തി
യു.എ.പി.എ കേസിൽ നിന്ന് കുറ്റമുക്തനായി പുറത്ത് വന്നതിന് പിന്നാലെ കരിനിയമങ്ങൾക്കെതിരെ പ്രതിഷേധം ആരംഭിക്കാനൊരുങ്ങി അഖിൽ ഗൊഗോയ് എം.എൽ.എ. യു.എ.പി.എ മനുഷ്യാവകാശങ്ങൾക്കെതിരായുള്ള ക്രൂര നിയമമാണെന്നും അതിനെതിരെ താൻ പോരാടുമെന്നും അഖിൽ ഗൊഗോയി പറഞ്ഞു.
2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമിലുണ്ടായ വ്യാപക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് എൻ.ഐ.എ കോടതി അഖിൽ ഗൊകഗോയിയെ പൂർണമായും കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ മാസം 22ന് ഒരു കേസിൽ ഗൊഗോയിയെ കോടതി വെറുതെവിട്ടിരുന്നു.
യു.എ.പി.എ പ്രകാരമാണ് അഖിൽ ഗൊഗോയിക്കെതിരെ എൻ.ഐ.എ കേസെടുത്തിരുന്നത്. അസമിൽ പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായിരുന്ന അക്രമസംഭവങ്ങളിലായിരുന്നു കേസ്.
സ്വതന്ത്ര നിയമവ്യവസ്ഥക്ക് ഇത് ചരിത്ര നിമിഷമാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളത്. രാജ്യത്തൊരിടത്തും ജനാധിപത്യമില്ല. എന്നാൽ തനിക്ക് അനുകൂലമായി വന്ന വിധി നീതന്യായ വ്യവസ്ഥയിൽ ശുഭപ്രതീക്ഷ നൽകുന്നതാണെന്നും ഗൊഗോയി പറഞ്ഞു. തടവിലിരിക്കെ തനിക്കായി ശബ്ദിച്ച അസമിലേയും രാജ്യത്തേയും ജനങ്ങൾക്ക് ഗൊഗോയി നന്ദി അറിയിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിലോ മാധ്യമങ്ങലിലോ മറ്റേത് പൊതുഇടത്തോ നിങ്ങൾ വല്ലതും പറഞ്ഞു പോയാൽ പിടിക്കപ്പെടും. ബി.ജെ.പി ഭരിക്കുന്ന അസമിൽ ഒരിടത്തും ജനാധിപത്യമില്ല. അവർ അസമിനെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റും. അസമിലും ഉടനെ യോഗി ഭരണം വന്നേക്കുമെന്നും അസമിലെ സിബ്സാഗറിൽ നിന്നുള്ള എം.എൽ.എ കൂടിയായ ഗൊഗോയി പറഞ്ഞു.
ജയിൽ മോചിതനായ അഖിൽ ഗൊഗോയി, സി.എ.എ വിരുദ്ധ സമരത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ചുപേരിൽ ഒരാളായ പതിനേഴുകാരന്റെ വിട്ടിലേക്കാണ് ആദ്യം പോയത്. ഗുവാത്തിയിൽ ഡിസംബർ 2019ലാണ് പൊലീസ് വെടിവെപ്പ് നടന്നത്.