India
ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; പിതാവ് രണ്ടര വയസുകാരനെ 40,000 രൂപക്ക് വിറ്റു
India

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; പിതാവ് രണ്ടര വയസുകാരനെ 40,000 രൂപക്ക് വിറ്റു

Web Desk
|
8 Aug 2021 5:41 AM GMT

അസമിലെ മോറിഗാവ് ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പിതാവ് രണ്ടര വയസുകാരനായ മകനെ 40,000 രൂപക്ക് വിറ്റു. അസമിലെ മോറിഗാവ് ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് മോറിഗാവ് ജില്ല. മോറിഗണിലെ ലാഹരിഗട്ട് ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. അമിനുള്‍ ഇസ്ലാം എന്നയാളാണ് മകനെ സാസിദ ബീഗം എന്ന സ്ത്രീക്ക് വിറ്റത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അമിനുള്‍ ഇസ്ലാമിനെയും സാസിദയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്‍റെ ലഹരി ഉപയോഗത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭാര്യ രുക്മിന ബീഗം സ്വന്തം വീട്ടില്‍ കഴിയുകയാണ്. ഒരു ദിവസം ഇവരുടെ വീട്ടിലെത്തിയ അമിനുള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനായി മകനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം മകനെ പിതാവിനൊപ്പം അയച്ചെങ്കിലും രണ്ടു മൂന്നും ദിവസം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവിട്ടില്ല. ഇതില്‍ സംശയം തോന്നിയ രുക്മിന ആഗസ്ത് 5ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

മയക്കുമരുന്ന് വാങ്ങുന്നതിനായി അമിനുൾ സ്വന്തം മകനെ 40,000 രൂപയ്ക്ക് ഗൊറോയിമാരിയിലെ സാസിദ ബീഗത്തിന് വിറ്റതായി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സാസിദ ബീഗത്തിന്‍റെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും മാതാവിന്‍റെ പക്കലേല്‍പ്പിക്കുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിനും വിൽപനക്കും പുറമേ, സെക്സ് റാക്കറ്റ് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതി ഏര്‍പ്പെട്ടിരുന്നതായി സംശയമുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Similar Posts