അസം തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂറ്റൻ ജയം
|എൺപത് മുനിസിപ്പാലിറ്റികളിൽ 77 ഇടത്തും ബിജെപി-എജിപി സഖ്യം ഭരണം പിടിച്ചു
ഗുവാഹത്തി: അസം തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി എൻഡിഎ. 977 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 807 സീറ്റും സ്വന്തമാക്കിയാണ് എൻഡിഎയുടെ വിജയം. ബിജെപി 742 സീറ്റിലും അസം ഗണപരിഷത്ത് (എജിപി) 65 സീറ്റിലും വിജയിച്ചു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 71 സീറ്റിലേ വിജയിക്കാനായുള്ളൂ. 99 സീറ്റിൽ സ്വതന്ത്രരോ മറ്റു കക്ഷികളിൽനിന്നുള്ളവരോ വിജയിച്ചു.
എൺപത് മുനിസിപ്പാലിറ്റികളിൽ 77 ഇടത്തും ബിജെപി-എജിപി സഖ്യം ഭരണം പിടിച്ചു. ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ന്യൂനപക്ഷ കക്ഷിയായ എഐയുഡിഎഫിന് ഒരു നഗരസഭയും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപയോഗിച്ച് നടന്ന തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഇത്.
977 സീറ്റിൽ 2,532 സ്ഥാനാർത്ഥികളാണ് അങ്കത്തിനിറങ്ങിയിരുന്നത്. 825 സീറ്റിലാണ് ബിജെപി മത്സരിച്ചിരുന്നത്. കോൺഗ്രസ് 706 സ്ഥാനാർത്ഥികളെ രംഗത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ജനവിധിയെന്ന് അസമിൽനിന്നുള്ള കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ പറഞ്ഞു. വിജയത്തിൽ മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയെയും സംസ്ഥാന പാർട്ടി അധ്യക്ഷൻ ഭാബേഷ് കാലിതയെയും അദ്ദേഹം അഭിനന്ദിച്ചു.
അതിനിടെ, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. കനത്ത പോരാട്ടം നടന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇക്കുറി രാജ്യം ഉറ്റുനോക്കുന്നത്.
ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെൽറ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതിക്കഴിഞ്ഞു. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബിജെപിയുടെ ശക്തിദുർഗമായി മാറിയ ഉത്തർപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിൻറെ സമാജ്വാദി പാർട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം വിധിയെഴുതി.
2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തർപ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരണം ഉണ്ടായിരുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനം സത്യമായാൽ അഞ്ച് നദികളുടെ നാടിൻറെ ഹൃദയം ഇക്കുറി ആം ആദ്മി പാർട്ടിക്ക് ഒപ്പമായിരിക്കും. കൊളോണിയൽ കാലത്തിൻറെ പൈതൃകം പേറുന്ന ഗോവ ഇക്കുറി കനത്ത പോരാട്ടത്തിൻറെ വേദിയായി മാറിയതും രാജ്യം കണ്ടു. പ്രവചനങ്ങൾ തൂക്കു മന്ത്രിസഭയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എങ്കിലും ഗോവ മോഹിപ്പിക്കുന്നത് കോൺഗ്രസിനെ ആണ്. നാളെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വിവിപാറ്റുകളിൽ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളിൽ തന്നെ സൂചനകൾ അറിയാൻ കഴിയും.