മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാതശിശു സംസ്കാരത്തിന് തൊട്ടുമുന്‍പ് ജീവിതത്തിലേക്ക്
|രത്തന്‍ദാസിന്‍റെ(29) ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകിട്ടാണ് അസമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഗുവാഹത്തി: മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാത ശിശുവിന് സംസ്കാരത്തിന് തൊട്ടുമുന്‍പ് അത്ഭുതകരമായി ജീവിതത്തിലേക്ക്. അസമിലെ സില്‍ചാറിലാണ് സംഭവം.
രത്തന്‍ദാസിന്‍റെ(29) ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകിട്ടാണ് അസമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍ അമ്മയെയോ കുഞ്ഞിനെയോ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞതായി നവജാതശിശുവിന്‍റെ പിതാവ് രത്തൻ ദാസ് പറഞ്ഞു. തുടര്‍ന്നു പ്രസവം നടക്കുകയും പ്രസവത്തോടെ കുഞ്ഞു മരിക്കുകയും ചെയ്തു.ബുധനാഴ്ച രാവിലെയോടെ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രി അധികൃതര്‍ കൈമാറിയതായി രത്തന്‍ദാസ് കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്‍റെ മൃതദേഹവുമായി ശ്മശാനത്തിലെത്തിയപ്പോഴാണ് സംഭവം മാറിമറിയുന്നത്.
അന്ത്യകര്‍മങ്ങള്‍ക്കായി കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുഞ്ഞു കരഞ്ഞുവെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് ഓടിയെന്നും പിതാവ് പറഞ്ഞു. കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തിന് തൊട്ടുപിന്നാലെ, സിൽച്ചാറിലെ മാലിനിബിൽ പ്രദേശത്തെ ഒരു സംഘം ആളുകൾ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധിച്ചു.അതേസമയം, ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുടുംബാംഗങ്ങൾ പൊലീസില്‍ പരാതി നല്‍കി. അതേസമയം, കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുന്നതിന് മുമ്പ് എട്ട് മണിക്കൂർ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.