India
അസം പൊലീസുകാര്‍ അതിര്‍ത്തി കടന്ന് മോഷണം നടത്തുന്നതായി മിസോറാം പൊലീസ്
India

അസം പൊലീസുകാര്‍ അതിര്‍ത്തി കടന്ന് മോഷണം നടത്തുന്നതായി മിസോറാം പൊലീസ്

Web Desk
|
22 Aug 2021 4:26 PM GMT

ജൂലൈയില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അസം പൊലീസ് അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് മോഷണം നടത്തുന്നതായി മിസോറാം. അസം - മിസോറാം അതിര്‍ത്തി പങ്കിടുന്ന കൊലാസിബ് മേഖലയിലാണ് പൊലീസുകാര്‍ തമ്മില്‍ മോഷണ കുറ്റം ആരോപിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിസോറാം, അസം സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമാണ്. മിസോറാമിലെ പാലം പണി പുരോഗമിക്കുന്നിടത്ത് അസം പൊലീസുകാര്‍ അതിര്‍ത്തി കടന്ന് വന്ന് ജോലിക്കാരെ തടയുകയും, നിര്‍മാണപ്രവര്‍ത്തനത്തിനായി സൂക്ഷിച്ച ഇരുമ്പ് തണ്ഡുകള്‍ ഉള്‍പ്പടെയുള്ളവ എടുത്തു കൊണ്ടുപോവുകയുമായിരുന്നു എന്നാണ് മിസോറാം പൊലീസ് ആരോപിക്കുന്നത്. സംഭവത്തില്‍ മിസോറാം പൊലീസ് കേസെടുത്തു.

മിസോറാമും അസമും തമ്മില്‍ 165 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചുരുങ്ങിയത് അഞ്ചിടങ്ങളിലെങ്കിലും അതിര്‍ത്തി തര്‍ക്കവും രൂക്ഷമായി നിലനില്‍ക്കുകയാണ്.

ജൂലൈയില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ തമ്മിലുണ്ടായ രൂക്ഷമായ സംഘര്‍ഷത്തില്‍ ആറ് അസം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു.

Similar Posts